തിരുവനന്തപുരം: കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഫെബ്രുവരി 6 ന് മുൻപ് പുറത്തിറക്കാൻ ധാരണ. സിറ്റിങ് എംഎൽഎമാരുടെ സീറ്റുകളാകും ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തുക. ഫെബ്രുവരി ആറിനാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗ യാത്ര കാസർകോട്ടുനിന്ന് ആരംഭിക്കുന്നത്. നിലവിലുള്ള ഭൂരിഭാഗം സിറ്റിങ് എംഎൽഎമാരും ഇത്തവണയും മത്സരരംഗത്ത് ഉണ്ടാകുമെന്നാണു വിവരം. എന്നാൽ ചില മണ്ഡലങ്ങളിൽ സിറ്റിംഗ് എംഎൽഎമാർക്ക് സീറ്റ് ഉണ്ടാകില്ല. തൃപ്പൂണിത്തുറയിൽ കെ.ബാബുവിനു പകരം പുതിയൊരാൾ എത്താനാണു സാധ്യത. ആരോഗ്യപ്രശ്നങ്ങൾ കാരണം മത്സരിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് ബാബു മാറിനിൽക്കുന്നത്.
പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിനു സീറ്റ് നൽകില്ല. പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്കെതിരെ ലൈംഗിക ആരോപണങ്ങളും നിരവധി പരാതികളും നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിനും വീണ്ടും അവസരം നൽകണമോ എന്ന കാര്യത്തിൽ ഒരുവട്ടം കൂടി ചർച്ചകൾ നടക്കും. ഭൂരിഭാഗം നേതാക്കളും പ്രവർത്തകരും എൽദോസിന് സീറ്റ് നൽകുന്നതിന് എതിരാണ്. അദ്ദേഹത്തിന് എതിരായി പ്രാദേശിക വികാരവും ശക്തമാണ്. സ്ത്രീ വോട്ടർമാർക്കിടയിൽ കുന്നപ്പിള്ളിയോടുള്ള എതിർപ്പ് ശക്തമാണ്. കോതമംഗലം, പെരുമ്പാവൂർ സീറ്റുകൾ സംബന്ധിച്ച് കേരള കോൺഗ്രസുമായി സീറ്റ് വെച്ചുമാറ്റ ചർച്ചകളും കോൺഗ്രസ് പരിഗണിക്കുന്നുണ്ടെങ്കിലും കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലപാട് നിർണ്ണായകമാണ്.
ഐ.സി.ബാലകൃഷ്ണൻ ബത്തേരിയിൽ മത്സരിക്കുന്നതിനു പകരം മാനന്തവാടിയിൽ മത്സരിക്കണമെന്ന ഒരു വിഭാഗം നേതാക്കളുടെ അഭിപ്രായത്തോട് അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നാണു വിവരം. എന്നാൽ സാമ്പത്തിക ആരോപണത്തിൽ ഉൾപ്പെട്ട ഐ സി ക്ക് സീറ്റു നൽകുന്നതിനോട് നേതാക്കൾക്കിടയിൽത്തന്നെ അഭിപ്രായ വ്യത്യാസമുണ്ട്. യുഡിഎഫിൽ എത്തിയ സി.കെ. ജാനു മാനന്തവാടി സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ പട്ടികജാതി – പട്ടികവർഗ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെക്കൂടി പ്രഖ്യാപിക്കാൻ ഹൈക്കമാൻഡിനു താൽപര്യമുണ്ട്. സംസ്ഥാനത്ത് ചർച്ചകൾ തീരുന്ന മുറയ്ക്ക് ഇതു സംബന്ധിച്ച തീരുമാനമുണ്ടാകും.







