ചെന്നൈ: നീലഗിരി ജില്ലയിലെ കുനൂരിന് സമീപം ഇന്ത്യൻ വ്യോമ സേനയുടെ എം.ഐ-17വി5 ഹെലികോപ്റ്റർ തകരുന്നതിന് തൊട്ടുമുമ്പ് വീഡിയോ റെക്കോർഡ് ചെയ്ത മൊബൈൽഫോൺ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. വിശദ പരിശോധനക്കായി കോയമ്പത്തൂർ പോലീസിലെ ഫോറൻസിക് വിഭാഗത്തിന് കൈമാറി. മലയാളിയായ കോയമ്പത്തൂർ രാമനാഥപുരം തിരുവള്ളുവർ നഗറിൽ താമസിക്കുന്ന ഫോട്ടോഗ്രാഫറായ വൈ. ജോയ് എന്ന കുട്ടിയാണ് കാട്ടേരി റെയിൽപാളത്തിന് സമീപം നിൽക്കവെ നിർണായക വീഡിയോ പകർത്തിയത്.
ജോയ്, സുഹൃത്ത് എച്ച്. നാസർ എന്നിവർ കഴിഞ്ഞ ദിവസം കോയമ്പത്തൂർ സിറ്റി പോലീസ് കമീഷണർ ഓഫിസിൽ ഹാജരായി അന്വേഷണവുമായി സഹകരിക്കുമെന്ന് അറിയിച്ചിരുന്നു. താഴ്ന്ന് പറന്ന ഹെലികോപ്റ്റർ കനത്ത മൂടൽമഞ്ഞിനകത്തേക്ക് പ്രവേശിക്കുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു. വീഡിയോ ദൃശ്യങ്ങളുടെ വിശ്വാസ്യതയും കൃത്യമായ സമയവും സംബന്ധിച്ച വിവരങ്ങളറിയാനാണ് മൊബൈൽഫോൺ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കുന്നത്.












