തിരുവനന്തപുരം: സിപിഎമ്മിന് പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് വരുന്നു. പുതിയ കെട്ടിട്ടത്തിൻ്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് നിർവഹിച്ചു. പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രൻപിള്ള, എം എ ബേബി, സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ശിലാസ്ഥാപനചടങ്ങ്. പാർട്ടിയുടെ ആസ്ഥാനമന്ദിരമായ എകെജി സെന്ററിനോട് ചേർന്നാണ് പുതിയ കെട്ടിട്ടം നിലവിൽ വരുന്നത്. ഒന്നരവർഷത്തിനകം കെട്ടിട്ടം ഉദ്ഘാടനം ചെയ്യാനാണ് സിപിഎം ലക്ഷ്യമിടുന്നത്.
തിരുവനന്തപുരം കേരള സർവകലാശാലയ്ക്ക് അടുത്തുള്ള എകെജി സെൻറർ‐ ഗ്യാസ് ഹൗസ് ജംഗ്‌ഷനിൽ പാർട്ടി വാങ്ങിയ 32 സെൻ്റ് സ്ഥലത്താണ് പുതിയ മന്ദിരം വരുന്നത്. എകെജി സെൻ്ററിന് എതിർവശത്തായിട്ടാണ് പുതിയ കെട്ടിട്ടം. വിശാലമായ കോൺഫറൻസ് ഹാൾ, സംസ്ഥാന സെക്രട്ടറിയുടെ ഓഫീസ്, പ്രസ് കോൺഫറൻസ് ഹാൾ, സന്ദർശകമുറി തുടങ്ങി വിപുലമായ ഓഫീസ് സൗകര്യത്തോടെയാണ് പുതിയ ആസ്ഥാന മന്ദിരം വിഭാവന ചെയ്തിരിക്കുന്നത്.
പാർട്ടി ആസ്ഥാനം പുതിയ കെട്ടിട്ടത്തിലേക്ക് മാറ്റി എകെജി സെൻ്ററിനെ വിശാലമായ ലൈബ്രറിയും താമസസൗകര്യവും ഉൾപ്പെടുന്ന പഠന-ഗവേഷണ കേന്ദ്രമാക്കി മാറ്റാനാണ് സിപിഎം നേതൃത്വം ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ പതിച്ച് നല്‍കിയ ഭൂമിയിലാണ് എകെജെ സെൻ്റർ സ്ഥിതി ചെയ്യുന്നത്. എ.കെ.ജി സ്മാരക കമ്മിറ്റിയ്ക്ക് 1977-ലെ എകെ ആൻ്റണി സർക്കാരാണ് ഭൂമി പകുത്ത് നൽകിയത്.