കട്ടപ്പന: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ മയക്കുമരുന്ന് കേസിൽ കുടുക്കിയ പഞ്ചായത്ത്അംഗവും രണ്ട് സഹായികളും അറസ്റ്റിൽ. ഇടുക്കി വണ്ടന്മേട് പുറ്റടി അമ്പലമേട് തൊട്ടാപുരക്കൽ സുനിലിന്‍റെ ഭാര്യയും വണ്ടന്മേട് ഗ്രാമപഞ്ചായത്തിലെ എൽ.ഡി.എഫ് സ്വതന്ത്ര അംഗവുമായ സൗമ്യ സുനിൽ (33), സുനിലിന്‍റെ ബൈക്കിൽ ഒളിപ്പിക്കാൻ മയക്കുമരുന്നായ എം.ഡി.എം.എ കൊണ്ടുവന്ന കൊല്ലം വേങ്ങക്കര റഹിയമൻസിലിൽ എസ്. ഷാനവാസ് (39), കൊല്ലം മുണ്ടക്കൽ അനിമോൻ മൻസിലിൽ എസ്. ഷെഫിൻഷാ (24) എന്നിവരാണ് അറസ്റ്റിലായത്.
ഗൾഫിലേക്ക് കടന്ന കാമുകൻ വിനോദിനെ (43) നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാൻ പൊലീസ് നടപടി തുടങ്ങി. ഭർത്താവിനെ ഇല്ലാതാക്കാൻ ഭാര്യയും കാമുകനും ചേർന്ന് കൂടത്തായി മോഡൽ ഗൂഢാലോചന നടത്തിയതായും പൊലീസ് പറയുന്നു. കഴിഞ്ഞ 22ന് രാവിലെയാണ് സൗമ്യയുടെ ഭർത്താവ് സുനിലിന്‍റെ ബൈക്കിൽനിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടിയത്. ഇടുക്കി പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വഴിയരികിൽ പാർക്ക് ചെയ്ത ബൈക്കിൽനിന്ന് അഞ്ചു ഗ്രാം എം.ഡി.എം.എ പിടിച്ചെടുക്കുകയായിരുന്നു.
സുനിലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ മയക്കുമരുന്ന് ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യുന്ന ആളല്ലെന്ന് വ്യക്തമായി. തന്നെ ആരോ കെണിയിൽ പെടുത്തിയതാകാമെന്ന സുനിലിന്‍റെ മൊഴിയാണ് പഞ്ചായത്ത് അംഗമായ ഭാര്യയുടെയും സഹായികളുടെയും അറസ്റ്റിലേക്ക് നയിച്ചത്. ഭർത്താവിനെ ജയിലിലാക്കി കാമുകനൊപ്പം ജീവിക്കാനുള്ള സൗമ്യയുടെ ഗൂഢ പദ്ധതിയുടെ ഭാഗമായാണ് മയക്കുമരുന്ന് കേസിൽപ്പെടുത്താൻ ശ്രമിച്ചത്. ഒരു വർഷമായി സൗമ്യയും വിനോദും അടുപ്പത്തിലായിരുന്നു.സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.