മോസ്കോ : ചെർണോബിൽ ആണവ നിലയത്തിന്റെ സംരക്ഷണം ഉറപ്പുവരുത്തിയതായി റഷ്യ വ്യക്തമാക്കി. നിലയത്തിലെ ആണവ അവശിഷ്ടങ്ങൾ സംരക്ഷിക്കുന്ന ജോലി നിലവിലുള്ള ജീവനക്കാരെ തന്നെ ഉപയോഗിച്ച് നടത്തുന്നതായി റഷ്യൻ ഉന്നത ഉദ്യോഗസ്ഥൻ അറിയിച്ചു. ആണവനിലയത്തിന് കാവൽ നിന്ന യുക്രെയ്ൻ സൈന്യത്തെ കനത്ത പോരാട്ടത്തിനൊടുവിൽ പരാജയപ്പെടുത്തി റഷ്യ നിയന്ത്രണം ഏറ്റെടുത്തിരുന്നു. ഇതോടെ നിലയത്തിന്റെ സുരക്ഷയെപ്പറ്റി ലോകമെങ്ങും ആശങ്കയുയർന്നിരുന്നു. സംരക്ഷണ പ്രവർത്തനങ്ങൾ യുക്രെയ്ൻ സേനയുമായി ചർച്ച നടത്തിയാണ് ഏറ്റെടുത്തതെന്ന് റഷ്യയുടെ പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ ഐഗർ കോനഷെങ്കോവ് അറിയിച്ചു. ആണവവികിരണം തടയുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ള അതേ ജീവനക്കാർ തന്നെ തുടർന്നും ഇക്കാര്യം കൈകാര്യം ചെയ്യും.
അതേസമയം, റഷ്യയുടെ കൈയിൽ സംരക്ഷണ പ്രവർത്തനം സുരക്ഷിതമല്ലെന്നാണ് യുക്രെയ്ൻ വ്യക്തമാക്കിയത്. സൈനിക വാഹനങ്ങൾ കാരണം ആണവ വികിരണമുള്ള പൊടിപടലം ഉയർന്നു. സാധാരണയിലും ഉയർന്ന ഗാമാ വികിരണങ്ങൾ രേഖപ്പെടുത്തിയതായി യുക്രെയ്നിലെ ന്യൂക്ലിയർ എനർജി റഗുലേറ്ററി ഏജൻസി വ്യക്തമാക്കി. എന്നാൽ ഇക്കാര്യം ഐഗർ കോനഷെങ്കോവ് നിഷേധിച്ചു.
ചരിത്രത്തിലെ ഏറ്റവും വലിയ ആണവദുരന്തമാണ് 1986 ഏപ്രിൽ 26ന് പൊട്ടിത്തെറിയെ തുടർന്ന് ചെർണോബിലിൽ ഉണ്ടായത്. 36 പേർ ആ ദിവസങ്ങളിൽ മരിച്ചു. ആയിരക്കണക്കിന് ആളുകൾ ആണവ വികിരണം മൂലം പിന്നീടു മരിച്ചു. 20 മൈൽ ചുറ്റളവിൽ താമസിച്ചിരുന്ന 1,35,000 പേരെ ഒഴിപ്പിച്ചു. ദുരന്തത്തോടെ നിലയം അടച്ചുപൂട്ടി. സ്ഫോടനത്തിൽ തകർന്ന റിയാക്ടറിൽ നിന്ന് ആണവ വികിരണമുണ്ടാകാതെ തടയാൻ സുരക്ഷിത കവചം നിർമിക്കുകയും ഇന്ധന റോഡുകൾ പ്രത്യേകം നിർമിച്ച കൂളന്റ് ടാങ്കുകളിൽ സൂക്ഷിക്കുകയും ചെയ്തു. 100 ടണ്ണോളം ആണവ അവശിഷ്ടങ്ങളുടെ സംരക്ഷണത്തിൽ ഉണ്ടാവുന്ന ചെറിയ വീഴ്ച പോലും ലോകത്തിന് വലിയ ഭീഷണിയാണ്.