ഡൽഹി : യുക്രൈനിൽ നിന്ന് 17 മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ 470 ഇന്ത്യക്കാർ റൊമോനിയൻ അതിർത്തിയിലൂടെ ഇന്ന് ഇന്ത്യയിലെത്തും. രണ്ട് എയർ ഇന്ത്യ വിമാനങ്ങളിലായാണ് മലയാളികൾ അടങ്ങുന്ന സംഘം ഇന്ത്യയിലെത്തുക. ഉച്ചയോടെ ഒരു വിമാനം ഡൽഹിയിലെത്തും. മറ്റൊരു വിമാനം മുംബൈയിലുമാണ് എത്തുക. ചെർനിവ്സികിലെ ബുക്കോവിനിയൻ സ്റ്റേറ്റ് മെഡി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥികളാണ് വിമാനത്തിലുള്ളത്. ഹംഗറിയിൽ നിന്നുള്ള വിമാനം ഇന്ന് വൈകിട്ട് ഇന്ത്യയിലെത്തും. യുക്രൈനിൽ നിന്നുളള ഇന്ത്യക്കാരെ പല ബാച്ചുകളായി പോളണ്ടിലേക്കും റൊമാനിയയിലേക്കും എത്തിക്കാനുളള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. പലരും അതിർത്തി മേഖലയിൽ വരെയെത്തിക്കഴിഞ്ഞു. യുക്രൈനിൽ നിന്നും എത്തുന്ന ആദ്യ ഇന്ത്യൻ സംഘത്തിൽ 17 മലയാളി വിദ്യാർത്ഥികളും ഉണ്ടാകും. വരും ദിവസങ്ങളിൽ കൂടുതൽ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാനാകും.
യുക്രൈനിലെയും പരിസര മേഖലകളിലെയും വ്യോമപാതകൾ പൂർണമായി അടച്ചിരിക്കുകയാണ്. ഇതാണ് രക്ഷാപ്രവർത്തനത്തിൽ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും. നിലനിൽക്കുന്ന അടിയന്തര സാഹചര്യം പരിഗണിച്ച് റൊമാനിയ ഹംഗറി പോളണ്ട് എന്നീ രാജ്യങ്ങളുടെ അതിർത്തിയിൽ രക്ഷാ ദൗത്യത്തിന് കൂടുതൽ ഉദ്യോഗസ്ഥരെ വിദേശകാര്യമന്ത്രാലയം നിയോഗിച്ചു. 470 ഇന്ത്യൻ പൗരൻമാർ റൊമാനിയൻ അതിർത്തി കടന്നതായി കേന്ദ്ര വിദേശകാര്യമന്ത്രാലയം ഇന്ന് യുക്രൈനിൽ നിന്നും എത്തുന്ന ആദ്യ ഇന്ത്യൻ പൗരന്മാരുടെ സംഘത്തെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഡൽഹി വിമാനത്താവളത്തിൽ സ്വീകരിക്കും.
പടിഞ്ഞാറൻ യുക്രെയ്‌നിലെ ലിവിവ്, ചെർണിവ്‌സ്തി എന്നിവിടങ്ങളിൽ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ ക്യാമ്പ് ഓഫീസുകൾ തുറന്നിരുന്നു. ഇവിടെ നിന്നാണ് മലയാളികൾ അടക്കമുളള ഇന്ത്യക്കാരെ റോമാനിയയുടെ അതിർത്തിയിലേക്ക് എത്തിച്ചത്. ആദ്യ ബാച്ച് ബസിൽ യാത്ര തിരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.