അഹമ്മദാബാദ് : വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ചാവേറായി. നെഞ്ചില്‍ ജലാറ്റിന്‍ സ്റ്റിക് ഘടിപ്പിച്ച് എത്തിയ യുവാവ് ഭാര്യയെ കെട്ടിപ്പിടിച്ചതോടെ സ്‌ഫോടനത്തില്‍ ഇരുവരും കൊല്ലപ്പെട്ടു. ഗുജറാത്തിലെ ആരവല്ലി ജില്ലയിലാണ് ദാരുണ സംഭവം. 45കാരനായ ലാല പാഗി എന്നയാളാണ് പിണങ്ങിപ്പോന്ന ഭാര്യയുടെ വീട്ടിലേക്ക് ജലാസ്റ്റിന്‍ സ്റ്റിക്കുമായി എത്തിയത്. ഭാര്യയുമായുള്ള പിണക്കം അവസാനിപ്പിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഇയാള്‍ ചാവേര്‍ സ്‌ഫോടനത്തിലൂടെ ഭാര്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ശാരദ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. 45 ദിവസം മുമ്പാണ് ഭര്‍ത്താവിനോട് പിണങ്ങി ശാരദ മേഘ്‌രാജ് ടൗണിലെ പിതാവിന്റെ അടുത്തെത്തിയത്. ഇതിനിടയില്‍ ഭര്‍ത്താവ് ലാല പാഗി പലതവണ ഒത്തുതീര്‍പ്പിന് ശ്രമിച്ചു.
എന്നാല്‍ ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും മാനസികവും ശാരീരികവുമായ പീഡനം സഹിക്കാനാകില്ലെന്നും ഭര്‍ത്താവിനൊപ്പം പോകുന്നില്ലെന്നും ശാരദ അറിയിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ ശാരദയുടെ വീട്ടില്‍ ഭര്‍ത്താവ് എത്തിയത്. ഇയാള്‍ ശരീരത്തില്‍ സ്‌ഫോടനത്തിനായി ജലാറ്റിന്‍ സ്റ്റിക്കുകള്‍ ഘടിപ്പിച്ചിരുന്നു. ശാരദ ഭര്‍ത്താവിനെ സ്വീകരിക്കാന്‍ എത്തിയപ്പോള്‍ അയാള്‍ അവരെ കെട്ടിപ്പിടിച്ചു. ഉടന്‍ തന്നെ സ്ഫോടനമുണ്ടാകുകയും തല്‍ക്ഷണം ശാരദ കൊല്ലപ്പെടുകയും ചെയ്തു. ഭര്‍ത്താവ് ലാല പാഗിയും ഉടന്‍ മരിച്ചു.
സ്‌ഫോടനം പ്രദേശത്ത് പ്രകമ്പനമുണ്ടാക്കിയതും ദൂരേക്ക് പോലും ശബ്ദം കേള്‍ക്കുകയും ചെയ്‌തെന്ന് ഇസാരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സിപി വഗേല പറഞ്ഞു. 21 വയസ്സുള്ള മകനാണ് ദമ്പതികള്‍ക്കുള്ളത്. ഇസാരി പോലീസ് സ്റ്റേഷനില്‍ പാഗിക്കെതിരെ കേസെടുത്തു. ഇയാള്‍ക്ക് എങ്ങനെയാണ് ജലാറ്റിന്‍ സ്റ്റിക്കുകള്‍ ലഭിച്ചതെന്നും ബോംബ് നിര്‍മിച്ച് എങ്ങനെയാണ് ശരീരത്തില്‍ ഘടിപ്പിക്കാന്‍ വൈദഗ്ധ്യം ലഭിച്ചതെന്നും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ആദിവാസി മേഖലകളില്‍ മത്സ്യം പിടിക്കാന്‍ ഇത്തരം സ്ഫോടകവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഗാന്ധിനഗര്‍ റേഞ്ച് ഐജിപി അഭയ് ചുദാസമ പറഞ്ഞു.