കീവ് : റഷ്യൻ അധിനിവേശം തുടവെ, യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ ഫോണിൽ വിളിച്ച് ഫ്രാൻസിസ് മാർപാപ്പ. യുക്രെയ്ൻ നേരിടുന്ന കഷ്ടതയില്‍ മാർപാപ്പ അഗാധമായ വേദന അറിയിച്ചെന്നു വത്തിക്കാന്‍ വ്യക്തമാക്കി. പിന്നാലെ മാർപാപ്പയ്ക്ക് നന്ദി അറിയിച്ച് സെലെൻസ്കി ട്വീറ്റ് ചെയ്തു. യുക്രെയ്നിലെ സമാധാനത്തിനും വെടിനിർത്തലിനും വേണ്ടി പ്രാർഥിക്കുന്നതിന് നന്ദി അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു. നേരത്തേ, യുക്രെയ്നിലെ റഷ്യൻ നടപടിയിൽ ആശങ്ക പ്രകടിപ്പിക്കാൻ മാർപാപ്പ കീഴ്വഴക്കം ലംഘിച്ച് റോമിലെ റഷ്യൻ എംബസിയിലെത്തിയിരുന്നു. യുദ്ധം അവസാനിപ്പിച്ച് ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കാൻ സ്ഥാനപതി ആൻഡ്രി യുറാഷിനോട് ആവശ്യപ്പെട്ട അദ്ദേഹം, യുദ്ധം മാനവികതയുടെയും രാഷ്ട്രീയത്തിന്റെയും പരാജയമാണെന്നും, പൈശാചിക ശക്തികള്‍ക്കു മുന്നിലെ കീഴടങ്ങലാണെന്നും ട്വീറ്റ് ചെയ്തു.
അതേസമയം, യുക്രെയ്നില്‍ ആക്രമണം കടുപ്പിക്കുകയാണ് റഷ്യ. തലസ്ഥാനമായ കീവ് നിയന്ത്രണത്തിലാക്കാന്‍ റഷ്യയ്ക്കൊപ്പം ചേര്‍ന്ന് ചെചൻ സൈന്യവും ആക്രമണം ശക്തമാക്കി. സൈനിക കേന്ദ്രങ്ങള്‍ക്ക് പുറമേ, ജനവാസ മേഖലകളിലും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാൽ, ചെറുത്തുനിൽപ് ശക്തമെന്ന് യുക്രെയ്ൻ അറിയിച്ചു.