മോസ്കോ: റഷ്യ യുക്രൈന്‍ യുദ്ധം കനക്കുന്നതിനിടെ സൈബര്‍ ആക്രമണങ്ങളും ഒരു ഭാഗത്ത് ശക്തിപ്പെടുകയാണ്. റഷ്യന്‍ ഭാഗത്ത് നാശം സൃഷ്ടിച്ച സൈബര്‍ ആക്രമണമാണ് ശനിയാഴ്ച രാത്രിയോടെ സംഭവിച്ചത്. പുതിയ ആക്രമണത്തില്‍ റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിന്‍റെ ഔദ്യോഗിക വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് വിവരം. വെബ്‌സൈറ്റ് ക്രെംലിന്‍ ഉള്‍പ്പെടെ ഏഴ് വെബ്‌സൈറ്റുകളാണ് പൂര്‍ണമായും പ്രവര്‍ത്തനഹരിതമായി എന്നാണ് യുക്രൈന്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. പ്രസിഡന്റ് ഓഫീസ് വെബ്‌സൈറ്റിന് പുറമേ നിരവധി സര്‍ക്കാര്‍ വകുപ്പുകളുടേയും റഷ്യന്‍ മാധ്യമളുടേയുംവെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യപ്പെട്ടു. ഏതാനും ടെലിവിഷന്‍ ചാനലുകളും ഹാക്ക് ചെയ്യപ്പെട്ടുവെന്നും ഉക്രേനിയന്‍ ഗാനങ്ങള്‍ സംപ്രേഷണം ചെയ്തതായും മാധ്യമസ്ഥാപനമായ ‘ദി കീവ് ഇന്‍ഡിപെന്‍ഡന്റ്’ ട്വീറ്റ് ചെയ്തു.
നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിർത്തികളിൽ സായുധ സേനയുടെ ആക്രമണത്തിനൊപ്പം യുക്രൈനെതിരെ റഷ്യയുടെ സൈബർ ആക്രമണവും നടത്തിയിരുന്നു. പല സർക്കാർ വെബ്സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ബാങ്കിംഗ് മേഖലയ്ക്കെതിരെയും സൈബർ ആക്രമമണം നടക്കുന്നുണ്ട്. ബുധനാഴ്ച രാവിലെ തന്നെ യുക്രൈനിലെ പല ബാങ്കുകളുടെയും വെബ്സൈറ്റുകൾ പ്രവർത്തനരഹിതമായിരുന്നു. ചില സർക്കാർ വെബ്സൈറ്റുകളും സമാന പ്രശ്നം നേരിട്ടു. റഷ്യൻ ഹാക്കർമാർ നടത്തിയ ഡിഡോസ് ( distributed denial-of-service / DDoS ) അറ്റാക്കാണ് വെബ്സൈറ്റുകളുടെ പ്രവർത്തനം താറുമാറാക്കിയതെന്നാണ് അനുമാനം. ഒരു വെബ്സൈറ്റിന് താങ്ങാനാവുന്നതിലധികം സർവ്വീസ് റിക്വസ്റ്റുകൾ അയച്ച് അതിനെ പ്രവർത്തനരഹിതമാക്കുന്നതാണ് ഡിഡോസ് അറ്റാക്കുകളുടെ രീതി.