ദില്ലി : യുക്രൈനെ യുദ്ധഭൂമിയാക്കി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അശ്രാന്ത പരിശ്രമം നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ ഗംഗയിലൂടെ യുക്രൈനില്‍ കുടുങ്ങിപ്പോയ നമ്മുടെ മക്കളെ എത്രയും വേഗം നാട്ടിലെത്തിക്കുമെന്നാണ് മോദി പറഞ്ഞത്. രക്ഷാദൗത്യത്തിലൂടെ 1000 പേരെ നാട്ടിലെത്തിക്കുന്നു.
ജാതിയുടേയും മതത്തിന്റേയും അതിര്‍വരമ്പുകള്‍ വിട്ട് എല്ലാവരും ഒന്നിച്ചുനില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഉത്തര്‍പ്രദേശിലെ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം ചൂണ്ടിക്കാട്ടിയും തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുനേരെ രൂക്ഷവിമര്‍ശനമുയര്‍ത്തി. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യസുരക്ഷയുടേയും ആത്മനിര്‍ഭരതയുടേയും പ്രാധാന്യം മനസിലാക്കണമെന്ന് ആമുഖമായി ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനങ്ങള്‍.
സമാജ്‌വാദി പാര്‍ട്ടിക്കാരുടെ ഹൃദയം തുടിക്കുന്നത് തീവ്രവാദികള്‍ക്കു വേണ്ടിയാണെന്ന് പ്രധാനമന്ത്രി ആഞ്ഞടിച്ചു. ബോംബ് സ്‌ഫോടകരെ പിന്തുണയ്ക്കുന്നയ്ക്കുന്നവര്‍ക്ക് ഒരിക്കലും രാജ്യത്തിന്റെ താല്‍പര്യങ്ങള്‍ക്കും സുരക്ഷയ്ക്കുമൊപ്പം നില്‍ക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലികളില്‍ പങ്കെടുക്കവേയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍.
രാജ്യസുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ചൂണ്ടിക്കാണിച്ചായിരുന്നു പ്രധാനമന്ത്രി ഉത്തര്‍പ്രദേശിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്. രാജ്യത്തിന്റെ പ്രതിരോധ ഇടപാടുകളില്‍ പോലും കമ്മീഷന്‍ വാങ്ങാന്‍ മനസുള്ളവര്‍ക്കും ധീരസൈനികരെ വിലവെക്കാത്തവര്‍ക്കും രാജ്യത്തെ ശക്തിപ്പെടുത്താന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആറാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണവേളയിലായിരുന്നു മോദി പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുനേരെ ആഞ്ഞടിച്ചത്. ആറാംഘട്ട തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന മൂന്നിലൊന്ന് സ്ഥാനാര്‍ഥികളും ക്രിമിനല്‍ കുറ്റങ്ങളില്‍ നടപടി നേരിടുന്നവരാണെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് കണ്ടെത്തിയിട്ടുണ്ട്.