തിരുവനന്തപുരം: ഡിജിറ്റൽ പഠനോപകരണങ്ങളില്ലാത്ത വിദ്യാർഥികൾക്കു ലാപ്ടോപ് നൽകാനുള്ള പദ്ധതിയിൽ ഒളിച്ചുകളി തുടർന്നു സർക്കാർ. ജനങ്ങളിൽനിന്നു സംഭാവന സ്വീകരിച്ചു ലാപ്ടോപ് നൽകുമെന്നു പ്രഖ്യാപിച്ച ‘വിദ്യാകിരണം’ പദ്ധതി ആരു ടെൻഡർ ചെയ്യണമെന്ന് ഇനിയും തീരുമാനമായില്ല.
വിദ്യാകിരണത്തിൽ ഐടി മിഷനായിരുന്നു ആദ്യം ടെൻഡർ ചുമതല. ടാബും ലാപ്ടോപ്പും വാങ്ങാൻ തീരുമാനിച്ചെങ്കിലും വില കൂടുതലായതിനാൽ ആദ്യ ടെൻഡർ റദ്ദാക്കി. പിന്നാലെ അതിർത്തി രാജ്യങ്ങളിൽനിന്നു ടാബുകൾ നേരിട്ടു വാങ്ങുന്നതിലെ നിയമതടസ്സം ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ലാപ്ടോപ് മതിയെന്നു തീരുമാനിച്ചു. കമ്പനികളുടെ സിഎസ്ആർ ഫണ്ട് കൈറ്റിന്റെ അക്കൗണ്ടിലേക്കു വന്നതിനാൽ ഈ തുകയ്ക്കു മാത്രം കൈറ്റ് ടെൻഡർ വിളിച്ചു. 5 കമ്പനികൾ പങ്കെടുത്ത ടെൻഡറിൽ കരാർ ലഭിച്ചതു കൊക്കോണിക്സിനാണ്. 17,800 രൂപയാണ് ഒന്നിന്റെ നിരക്ക്. 500 ലാപ്ടോപ്പുകളാണു വാങ്ങുന്നത്. എന്നാൽ ടെൻഡർ വിളിക്കേണ്ടത് കൈറ്റ് ആണോ, ഐടി മിഷനാണോ എന്ന് ആശയക്കുഴപ്പം നിലനിൽക്കുന്നു.
നിലവിൽ 4.71 ലക്ഷം വിദ്യാർഥികൾക്കാണു ലാപ്ടോപ് നൽകേണ്ടത്. 700 കോടി രൂപ സംഭാവന പ്രതീക്ഷിച്ചിടത്ത് 5% പോലും ലഭിച്ചിട്ടില്ല. ലാപ്ടോപ് കുട്ടികൾക്കു സ്വന്തമായി നൽകുന്നതിനു പകരം സ്കൂളിൽ നിന്ന് ലൈബ്രറി മാതൃകയിൽ നൽകാനാണു തീരുമാനം. പ്രഖ്യാപിച്ച് വിജയിക്കാതെ പോയ വിദ്യാശ്രീ പദ്ധതിയിൽ ലഭിച്ച 45313 ലാപ്ടോപ്പുകൾ വിദ്യാകിരണത്തിന്റെ പേരിൽ നൽകിയിരുന്നു.