ന്യൂഡൽഹി: താൻ തെറ്റ് ചെയ്തിട്ടുണ്ടെന്നും സർക്കാറിന്റെ സമ്മർദത്തിനിരയായിട്ടാണ് അത് ചെയ്തതെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എന്നെ റസിഡൻറ് എന്നു വിളിച്ചത് പോലെ മ്ലേച്ഛമായ ഒരു രംഗം ഒഴിവാക്കാനാണ് തെറ്റ് ചെയ്തത്. ഇനി അങ്ങനെ സംഭവിക്കാതിരിക്കാനാണ് ചാൻസലർ പദവി ഒഴിയുന്നതെന്നും ഗവർണർ പറഞ്ഞു. നല്ല എണ്ണയിട്ട മെഷിനറിയുള്ളതിനാൽ എന്തു കാമ്പയിനും അവർ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി കള്ളം പറയുകയാണ് എന്ന് എന്നെ കൊണ്ടു പറയിക്കാൻ നോക്കേണ്ട. അത്തരമൊരു ഭാഷ ഞാനുപയോഗിക്കില്ല. അവരെന്തിനാണ് അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായവുമായി വന്നത്? എന്നെ സമ്മർദത്തിലാക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണിതിനർഥം. അതെ ആ സമ്മർദത്തിന് കീഴടങ്ങിയെന്ന് ഞാൻ സമ്മതിക്കുന്നു.
ഈ മാസം ആറിന് പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രിയുമായി സംസാരിക്കാൻ ശ്രമിച്ചു. 48 മണിക്കൂർ നേരത്തേക്ക് ഒരു പ്രതികരണവുമുണ്ടായില്ല. എട്ടാം തീയതി ഞാൻ കത്തെഴുതി. അന്ന് വൈകീട്ട് തന്നെ ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മറുപടിയുമായി വന്നു. ഞാനിതുവരെ അത് പുറത്തുവിട്ടിട്ടില്ല. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും വന്നു കണ്ട ശേഷം മുഖ്യമന്ത്രി എന്നെ നേരിട്ട് ഫോണിലോ മറ്റോ ബന്ധപ്പെടുമെന്ന് കരുതി. പത്തിന് രാവിലെ വരെ ഒരു പ്രതികരണവും ഉണ്ടായില്ല.
ധനമന്ത്രിയോട് എന്നെ വന്നു കാണാൻ പറഞ്ഞിട്ടുണ്ടെന്ന് സൂചിപ്പിച്ച് പത്തിന് രാവിലെ ഓഫിസിൽ ഒരു ഫോൺ വന്നു. വല്ലതും ചോദിച്ചാൽ എനിക്കതേക്കുറിച്ച് ഒന്നുമറിയില്ലെന്ന് ധനമന്ത്രി പറയാതിരിക്കാൻ ചീഫ് സെക്രട്ടറിയെയും ധനകാര്യ സെക്രട്ടറിയെയും കൂട്ടി വരാൻ ഞാൻ നിർദേശിച്ചു.
ആശയവിനിമയത്തിൽ തെറ്റ് പറ്റിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ആലപ്പുഴയിൽ പാർട്ടി യോഗത്തിന് പോയതാണെന്നും അവർ പറഞ്ഞു. സർവകലാശാലകളേക്കാളും സംസ്ഥാന താൽപര്യത്തേക്കാളും പരിഗണന പാർട്ടിക്കാണ് എന്നത് തന്നെയാണ് പ്രശ്നമെന്നായിരുന്നു എെൻറ മറുപടി.- ഗവർണർ വ്യക്തമാക്കി. എന്നെ പ്രോക്സിയാക്കി നിങ്ങൾ തീരുമാനമെടുക്കേണ്ട. നിങ്ങൾ തന്നെ ചാൻസലറായാൽ മതി. ഒരാളുടെ പേര് മതിയെന്ന് ഏത് ഉന്നത വ്യക്തിയോടാണ് പറഞ്ഞതെന്ന് എനിക്കറിയില്ല. ഔദ്യോഗികമായി റിപ്പോർട്ട് സമർപ്പിക്കും മുമ്പ് അവരോട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് – ഗവർണർ വ്യക്തമാക്കി.