ഇംഫാൽ: മണിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ ശേഷിക്കെ ജനതാദൾ (യുനൈറ്റഡ്) സ്ഥാനാർഥിക്കുനേരെ അജ്ഞാതൻ വെടിയുതിർത്തു. പടിഞ്ഞാറൻ ഇംഫാലിലെ ക്ഷെത്രിഗാവോ മണ്ഡലത്തിലെ സ്ഥാനാർഥി വഹേങ്ബാം റോജിതിനാണ് ഞായറാഴ്ച പുലർച്ചെ വെടിയേറ്റത്.
പുലർച്ചെ 1.30ന് നഹരൂപ് മഖപടിൽ സ്ത്രീകളുടെ പുരോഗതിക്കായി പ്രവർത്തിക്കുന്ന ചില സംഘടനാ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് റോജിതിനുനേരെ ആക്രമണമുണ്ടായതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കി. നെഞ്ചിൽ വെടിയേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച റോജിത്തിന്റെ നില ഭദ്രമാണെന്നും കുറിപ്പിൽ അറിയിച്ചു. റോജിത്തിനെ പ്രവേശിപ്പിച്ച ആശുപത്രിയിലും ക്ഷെത്രിഗാവോ മണ്ഡലത്തിലും പൊലീസ് സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്.ക്ഷെത്രിഗാവോ അടക്കം 38 മണ്ഡലങ്ങളിലാണ് മണിപ്പൂരിൽ തിങ്കളാഴ്ച ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 18ന് എൻ.പി.പി സ്ഥാനാർഥി സഞ്ജോയ് സിങ്ങിന്റെ പിതാവിന് മകന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ വെടിയേറ്റിരുന്നു.












