പാലക്കാട് : പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതക കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ഭാര്യ അർഷിക നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും ഈ സാഹചര്യത്തിൽ കേസ് കേന്ദ്ര ഏജൻസിക്ക് കൈമാറേണ്ടതില്ലെന്നും സർക്കാർ കഴിഞ്ഞ തവണ ഹർജി പരിഗണിച്ച വേളയിൽ കോടതിയിൽ പറഞ്ഞിരുന്നു. എന്നാൽ കൊലപാതകത്തിന് പിന്നിൽ നിരോധിത സംഘടനകളുണ്ടെന്നും, സംസ്ഥാനത്തിനു പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കേണ്ടതിനാൽ കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നുമാണ് ഹർജിക്കാരി കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.