കീവ് : യുക്രൈനിൽ ആക്രമണം ശക്തമാക്കി റഷ്യ. കീവില്‍ വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് റഷ്യ. കീവ് നഗരം റഷ്യ വളഞ്ഞതായി യുക്രൈൻ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവർക്ക് ഭക്ഷണമോ വെള്ളമോ എത്തിക്കാനാകുന്നില്ലെന്ന് കീവ് മേയർ പറഞ്ഞു. വ്യോമാക്രമണ മുന്നറിയിപ്പിനെ തുടർന്ന് താമസക്കാർ അഭയകേന്ദ്രങ്ങളിലെത്താൻ നിർദേശം നൽകിയിരുന്നു. ലോകരാജ്യങ്ങളുടെ ഉപരോധ നടപടികളിലൊന്നും മനസ് മാറാതെ റഷ്യ അതിശക്തമായി യുക്രൈന്‍ അധിനിവേശം തുടരുകയാണ്. ഒരു നഗരം കൂടി റഷ്യന്‍ സൈന്യം പിടിച്ചെടുത്തതായാണ് വിവരം. തീരദേശ നഗരമായ ബെര്‍ദ്യാന്‍സ്‌ക് റഷ്യന്‍ നിയന്ത്രണത്തിലെന്ന് മേയര്‍ തന്നെ അറിയിച്ചു. ഇന്നലെ അര്‍ദ്ധരാത്രിയോടെ തന്നെ കീവ് വളയാനുള്ള നീക്കങ്ങള്‍ റഷ്യന്‍ സൈന്യം ആരംഭിച്ചുകഴിഞ്ഞതായാണ് ഈ രാജ്യത്തെ ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കീവ് മുഴുവന്‍ റഷ്യന്‍ സൈന്യം വളഞ്ഞതായി ഉപഗ്രഹ ചിത്രങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. രാത്രിയില്‍ വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികളും അറിയിച്ചിരുന്നു. പ്രദേശവാസികള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കി.