കൊച്ചി: തൃക്കാക്കരയിൽ രണ്ടരവയസുകാരിക്ക് പരിക്കേറ്റ കേസിൽ അമ്മയ്ക്കെതിരെ നടപടികൾ കടുപ്പിക്കാൻ പൊലീസ്. ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരം നിലവിൽ രജിസ്റ്റർ ചെയ്ത കേസിൽ അമ്മയെ ഇനിയും ചോദ്യം ചെയ്യും. അതേസമയം കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും തലച്ചോറിനേറ്റ ക്ഷതം സംസാരി ശേഷിയെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.
സംഭവത്തിൽ പങ്കുണ്ടെന്ന് പോലീസ് സംശയിച്ച കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ പങ്കാളിയായ ആന്‍റണി ടിജിനെതിരെ ആരും മൊഴി നൽകിയിട്ടില്ല. ഹൈപ്പർ ആക്ടീവായ കുട്ടി സ്വയം വരുത്തിയ പരിക്കെന്നാണ് അമ്മയും അമ്മൂമ്മയും ആവർത്തിച്ച് പറഞ്ഞത്. സിഡബ്ല്യൂസിയുടെ കൗൺസിലിംഗിന് ശേഷം സഹോദരിയുടെ പന്ത്രണ്ട് വയസുകാരനായ മകനും ഇത് തന്നെ പറഞ്ഞു. എന്നാൽ കുട്ടിയെ ആരോ ബലമായി പിടിച്ച് കുലുക്കിയതിനെ തുടർന്നുള്ള ആഘാതത്തിലാണ് തലച്ചോറിനും നട്ടെല്ലിനും ഇങ്ങനെ സാരമായ പരിക്കേറ്റെന്ന് ഡോക്ടർമാരും വ്യക്തമാക്കി. ഇതോടെയാണ് അമ്മ അറിയാതെ കുഞ്ഞിന് ഇങ്ങനെ സംഭവിക്കില്ലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുന്നത്.
കുസൃതി കൂടുമ്പോൾ മകളെ താനും അടിക്കാറുണ്ടെന്ന് അമ്മ പോലീസിന് നേരത്തെ മൊഴി നൽകിയിട്ടുണ്ട്. പിഞ്ച് ശരീരത്തിൽ അങ്ങനെ ഏൽപ്പിച്ച ദേഹോപദ്രവമാണോ ഈ രീതിയിലുള്ള പരിക്കിന് കാരണമായതെന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ആത്മഹത്യ ശ്രമം നടത്തിയ കുട്ടിയുടെ അമ്മയും അമ്മൂമ്മയും നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാകുന്നതോടെ അമ്മയെ കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനം. കുട്ടിയുടെ സംരക്ഷണത്തിൽ വീഴ്ച സംഭവിച്ചെന്ന് ബോദ്ധ്യപ്പെട്ടതോടെ സംഭവത്തിന്‍റെ പിറ്റേദിവസം തന്നെ അമ്മക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അതേസമയം കുഞ്ഞ് കണ്ണ് തുറന്നെങ്കിലും സംസാരശേഷി തിരിച്ച് കിട്ടിയിട്ടില്ല. കുഞ്ഞിന് മറ്റെന്തെങ്കിലും വൈകല്യം സംഭവിക്കാൻ സാധ്യതയുണ്ടോ എന്ന് വരും ദിവസങ്ങളിൽ മാത്രമെ വ്യക്തമാകുകയുള്ളു എന്നാണ് ഡോക്ടർമാർ പറയുന്നത്. കുഞ്ഞിന്‍റെ സംരക്ഷണം നൽകണമെന്ന അച്ഛന്‍റെ ആവശ്യം നിലവിൽ സിഡബ്ല്യൂസിയുടെ പരിഗണനയിലാണ്.