റിയാദ്: സൗദി അറേബ്യയിൽ അഭിഭാഷകരുടെ പെരുമാറ്റ ചട്ടം പരിഷ്കരിച്ചു. പ്രൊഫഷണൽ ഉത്തരവാദിത്തം വർധിപ്പിക്കുന്നതിനും തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്നതിനും സൗദി ബാർ അസോസിയേഷനുമായി ഏകോപിപ്പിച്ച് നീതിന്യായ മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് പെരുമാറ്റച്ചട്ടങ്ങൾ പരിഷ്‌കരിച്ചിരിക്കുന്നത്.
അഭിഭാഷക പ്രൊഫഷണൽ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായ പ്രവൃത്തിയുണ്ടായാൽ അഭിഭാഷക റോളിൽനിന്ന് നീക്കം ചെയ്യുക, അഭിഭാഷക ലൈസൻസ് റദ്ദാക്കുക, അഭിഭാഷക വൃത്തിയിൽനിന്ന് നിശ്ചിതകാലത്തേക്ക് നീക്കം ചെയ്യുക, മൂന്ന് ലക്ഷം റിയാലിൽ കവിയാത്ത പിഴ ചുമത്തുക തുടങ്ങിയവയാണ് ശിക്ഷാനടപടികൾ.
നിയമ മേഖലയിൽ പുതിയ ഭേദഗതികളും മാറ്റങ്ങളും ആധുനികവൽക്കരണവും നടപ്പാക്കിക്കൊണ്ടുള്ള ഗുണപരമായ കുതിച്ചുചാട്ടമാണ് വിഷൻ 2030 ന്റെ ഭാഗമായി നടക്കുന്നതെന്ന് കിംഗ് അബ്ദുൽഅസീസ് സർവകലാശാലയിലെ ശരീഅ പൊളിറ്റിക്‌സ് ആന്റ് കംപാരറ്റീവ് സിസ്റ്റംസ് പ്രൊഫസർ ഡോ. ഹസൻ മുഹമ്മദ് സഫർ പറഞ്ഞു. ജുഡീഷ്യറി ഏറെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട മേഖലയാണെന്നും യോഗ്യതയില്ലാത്തവരും കേവലം സാമൂഹിക അന്തസ്സിനായി അഭിഭാഷക ജോലിയിൽ ഏർപ്പെടുന്നവരും ഈ മേഖലക്ക് കളങ്കമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.