ലൊസാഞ്ചലസ് : റഷ്യൻ ആക്രമണത്തെത്തുടർന്ന് രാജ്യം വിടുന്ന യുക്രെയ്ൻകാരെ സഹായിക്കാനുള്ള രാജ്യാന്തര ശ്രമങ്ങൾ ശക്തിപ്രാപിക്കുന്നു. സന്നദ്ധസംഘടനകളും ഹോളിവുഡ് താരങ്ങൾ ഉൾപ്പെടെ പ്രമുഖരും കൈകോർക്കുന്ന ധനസഹായ യജ്ഞത്തിനാണു ലോകമിപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഹോളിവുഡ് താരദമ്പതികളായ ബ്ലേക്ക് ലൈവ്‌ലിയും റയൻ റെനൾഡ്സും പ്രഖ്യാപിച്ച വേറിട്ട പദ്ധതി ശ്രദ്ധ നേടിയിട്ടുമുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ അഭയാർഥിക്ഷേമ ഏജൻസിക്ക് ഒരാൾ സംഭാവന നൽകുമ്പോൾ ദമ്പതികളും തുല്യമായ തുക നിക്ഷേപിക്കുന്ന ഇരട്ടസംഭാവനയാണിത്. 10 ലക്ഷം ഡോളർ വരെയുള്ള തുകകളാണ് ഇരട്ടിയാക്കുന്നത്. 5 ലക്ഷത്തിലേറെ വരുന്ന യുക്രെയ്ൻ അഭയാർഥികൾക്കുവേണ്ടിയാണ് യുഎൻ ഏജൻസിയുടെ ധനസമാഹരണം.