കീവ് : യുക്രൈൻ സൈനിക താവളത്തിന് നേരെ റഷ്യൻ പീരങ്കിപട നടത്തിയ ആക്രമണത്തിൽ 70 ലധികം സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യുക്രൈൻ തലസ്ഥാനമായ കീവിനും രാജ്യത്തെ രണ്ടാമത്തെ നഗരമായ ഹാർകീവിനും ഇടയിലുള്ള നഗരമായ ഒഖ്തിർകയിലുള്ള സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. യുക്രൈൻ അധികൃതരെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.പി.യാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.സൈനിക താവളം സ്ഥിതി ചെയ്തിരുന്ന നാലു നില കെട്ടിടം നിലംപരിശായി. അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നതിന്റെ ചിത്രങ്ങൾ ഒഖ്തിർക മേഖലാ തലവൻ ദിമിത്രോ സീലിയസ്കി ടെലഗ്രാമിൽ പോസ്റ്റ് ചെയ്തു. ഞായറാഴ്ചയുണ്ടായ റഷ്യൻ പീരങ്കി ആക്രമണം തിങ്കാളാഴ്ചയോടെയാണ് സ്ഥിരീകരിച്ചത്. ആക്രമണത്തിനിടെ നിരവധി റഷ്യൻ സൈനികരും പ്രദേശവാസികളും കൊല്ലപ്പെട്ടിട്ടുണ്ട്.
ഇതിനിടെ വ്യാഴാഴ്ച ആരംഭിച്ച റഷ്യൻ അധിനിവേശത്തിനിടെ ഇതുവരെ 352 സാധാരണക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് യുക്രൈൻ അവകാശപ്പെട്ടു. ഇതിൽ 14 കുട്ടികളും ഉൾപ്പെടുന്നു. ഹർകീവിലെ ജനവാസ മേഖലകളിൽ റഷ്യയുടെ ആക്രമണം തുടരുകയാണെന്നും ഇവിടെ തുടർച്ചയായ ഷെല്ലിങിൽ കഴിഞ്ഞ ദിവസം 11 സാധാരണക്കാർ കൊല്ലപ്പെട്ടെന്നും യുക്രൈൻ അധികൃതർ പറഞ്ഞു. ഒരു ഭാഗത്ത് സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടെയും റഷ്യ യുക്രൈനിൽ അധിനിവേശം ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമായി നടത്തുന്നുണ്ട്. കീവ് ലക്ഷ്യമാക്കി 40 മൈൽ (65 കിലോമീറ്റർ) ദൂരത്തിൽ റഷ്യൻ സൈനിക വ്യൂഹം നീങ്ങി കൊണ്ടിരിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.