ഓസ്ട്രേലിയ : ആയുധങ്ങൾ വാങ്ങാനായി യുക്രൈന് 50 മില്ല്യൺ ഡോളറിൻ്റെ സഹായം നൽകുമെന്ന വാഗ്ധാനവുമായി ഓസ്ട്രേലിയ. മിസൈലുകളും വെടിക്കോപ്പുകളും ഉൾപ്പെട്ട ആയുധങ്ങൾ വാങ്ങുന്നതിനാൽ യുക്രൈനെ സഹായിക്കുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചു. നേറ്റോയുമായുള്ള സഹകരണത്തോടെയാവും സഹായം. ആയുധങ്ങൾ ഉടൻ വിതരണം ചെയ്യുമെന്നും മോറിസൺ അറിയിച്ചു. അതേസമയം യുക്രൈനിൽ നിന്നുള്ള ഇന്ത്യയുടെ രക്ഷാപ്രവർത്തനം തുടരുകയാണ്. യുക്രൈനിലെ ഇന്ത്യൻ പൗരന്മാരുമായി ഇന്ന് രണ്ട് വിമാനങ്ങൾ ഡൽഹിയിലെത്തും. ബുഡാപെസ്റ്റിൽ നിന്ന് ഇസ്‌താംബൂൾ വഴിയാണ് ഇൻഡിഗോ വിമാനങ്ങൾ എത്തുന്നത്. യുക്രൈൻ അതിർത്തി രാജ്യങ്ങളായ ഹങ്കറി, റൊമാനിയ, സ്ലോവാക്യ, പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന്റെ ഏകോപന ചുമതല കേന്ദ്രമന്ത്രിമാർക്കാണ്. ഹർദീപ് സിങ്ങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി.കെ സിംഗ് എന്നിവരാണ് ഈ രാജ്യങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതിനായി മന്ത്രിമാർ നീക്കം തുടങ്ങിയിട്ടുണ്ട്. പോളണ്ടിലെ ശഷു വിമാനത്താവളത്തിനടുത്താണ് അതിർത്തി കടന്നെത്തിയവരെ താമസിപ്പിക്കുന്നത്. നിലവില്‍ കിയവിൽ നിന്നും 800 ഇന്ത്യക്കാർ അതിർത്തി പ്രദേശത്തേക്കെത്തി. അതേസമയം ട്രെയിനിൽ ഇന്ത്യക്കാരെ കയറ്റാൻ എംബസി ഇടപെട്ടു. ഇന്ത്യക്കാരെ ട്രെയിനിൽ കയറാൻ നേരത്തേ അനുവദിച്ചിരുന്നില്ല. അംബാസഡർ പാർത്ഥസത്പതി യുക്രൈൻ മന്ത്രിയുമായി സംസാരിച്ചതിനെ തുടർന്നാണ് പ്രവേശനം ലഭിച്ചത്.
അതേസമയം ആളുകൾ നേരിട്ട് അതിർത്തിയിലേക്ക് എത്തരുതെന്നും അതിർത്തിയിൽ തിരക്കുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. സമീപമുള്ള നഗരങ്ങളിൽ തങ്ങണം. എംബസി സംഘവുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാത്രം നീങ്ങണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നിർദേശിച്ചിരുന്നു. പോളണ്ട് അതിർത്തി വഴി ബസ് സർവീസ് തുടങ്ങി. പോളണ്ടിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹംഗറി വഴി രക്ഷാപ്രവർത്തനം ഊർജിതമാക്കും. മോൾഡോവയിൽ നിന്ന് ആളുകളെ റൊമാനിയയിൽ എത്തിച്ചാകും ഇന്ത്യയിലേക്ക് കൊണ്ടുവരികയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട പലര്‍ക്കും തിരിച്ചെത്താനുള്ള മാര്‍ഗമില്ലെന്ന് ആശങ്കയറിയിച്ചതിനെ തുടർന്ന് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനമായിരുന്നു. വിദേശകാര്യ സെക്രട്ടറി ഇക്കാര്യം പാര്‍ലമെന്റിന്റെ വിദേശകാര്യ സ്ഥിരം സമിതിയെ അറിയിച്ചിരുന്നു. യുക്രൈനില്‍ നിന്നെത്തുന്ന ഇന്ത്യക്കാര്‍ക്ക് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും വിമാനത്താവളത്തിലെത്തുന്നതിന് മുന്‍പുള്ള കൊവിഡ് പരിശോധനയും വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിയിരുന്നു. തീരുമാനങ്ങള്‍ സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു.