തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടൽ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയുടെയും കൊല്ലപ്പെട്ട അയ്യപ്പൻ അടക്കമുള്ള ഹോട്ടൽ ജീവനക്കാരുടെയും ഫോൺരേഖകൾ പോലീസ് പരിശോധിക്കും. ഇതിനുള്ള നടപടികൾ തുടങ്ങി. പ്രതി അജീഷിന്റെ മുൻ കേസുകളുടെ വിശദാംശങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. മൂന്ന് മാസം മുമ്പുണ്ടായ തർക്കമാണ് കൊലപാതക കാരണമെന്ന അജീഷിന്റെ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മാത്രമല്ല അസ്വാഭാവികമായിട്ടാണ് ഇയാൾ പെരുമാറുന്നത്. ഇതേ ദിവസം തന്നെ മറ്റ് രണ്ട് പേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായും അവരെ അന്വേഷിച്ച് പോയതായും ഇയാൾ പറഞ്ഞിരുന്നു. ഇതും പോലീസ് പരിശോധിച്ചുവരികയാണ്.
അജീഷിന്റെ ഭാര്യ രഞ്ജിനിയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ഹോട്ടലിൽ തർക്കമുണ്ടായെന്ന് പറയുന്ന ഒക്ടോബർ 28-ന് ശേഷം ഒരുതവണ മാത്രമേ അജീഷിനെ കണ്ടിട്ടുള്ളൂവെന്നാണ് ഇവർ പറഞ്ഞത്. അമ്മയും കുട്ടികളും ഒപ്പമുണ്ടെന്ന് പറഞ്ഞാണ് 28-ന് ഓവർബ്രിഡ്ജിലെ സിറ്റി ടവർ ഹോട്ടലിലേക്ക് അജീഷ് വിളിച്ചത്. എന്നാൽ ഇത് കളവാണെന്ന് മനസ്സിലാക്കിയതോടെ ഹോട്ടലിൽനിന്നു തിരിച്ചുപോവുകയായിരുന്നു. തുടർന്ന് ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് അജീഷ് നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനെ തുടർന്ന് പോലീസ് വിളിച്ചപ്പോൾ പോലീസ് സ്റ്റേഷനിൽ വെച്ചാണ് അവസാനമായി കണ്ടതെന്നാണ് രഞ്ജിനിയുടെ മൊഴി. അജീഷിന്റെ അക്രമങ്ങൾ സഹിക്കാനാവാതെ വന്നതോടെയാണ് ഇയാളിൽനിന്നു മാറിത്താമസിക്കാൻ തുടങ്ങിയതെന്നും രഞ്ജിനി പറഞ്ഞു. ആ ദിവസം രാത്രി അജീഷ് ഹോട്ടലിൽ ബഹളമുണ്ടാക്കുകയും മറ്റു മുറികളിൽ തട്ടിവിളിക്കുകയും ചെയ്തു. തുടർന്നാണ് അയ്യപ്പനടക്കമുള്ള ഹോട്ടൽ ജീവനക്കാരുമായി തർക്കമുണ്ടായത്. വെള്ളിയാഴ്ച മുതൽ ഒരാഴ്ചത്തേക്ക് അജീഷിനെ പോലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പും പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷമേ നടക്കുകയുള്ളൂ.