കൊച്ചി : വധശ്രമക്കേസിൽ എസ്.എഫ്.ഐ. എറണാകുളം ജില്ലാ പ്രസിഡന്റ് പി.എം. അർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങിയ ശേഷം 12 കേസുകളിൽ പങ്കാളിയായി എന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് സുനിൽ തോമസ് ജാമ്യം റദ്ദാക്കിയത്. ഉടൻ അറസ്റ്റ് ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനം എന്നാൽ ക്രിമിനൽ കേസുകളിൽ പങ്കാളിയാകുകയാണെന്ന തെറ്റായ ധാരണയാണ് യുവ നേതാവിനുള്ളതെന്ന് കോടതി വിലയിരുത്തി. അർഷോയ്ക്ക് എതിരേ വിവിധ സ്റ്റേഷനുകളിൽ നിലവിലുള്ള എല്ലാ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്താനും നിർദേശിച്ചു.
2019 മാർച്ച് 20-ന് അനുവദിച്ച ജാമ്യമാണ് റദ്ദാക്കിയത്. മറ്റൊരു കേസിൽ അർഷോയ്ക്ക് അനുകൂലമായി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയതിനെ കുറിച്ച് അന്വേഷിക്കാൻ ഡി.ജി.പി.ക്ക് നിർദേശം നൽകി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അർഷോ നൽകിയ ഹർജിയിൽ ക്രിമിനൽ കേസുകളിൽ മുൻപ് പ്രതിയല്ല എന്ന തെറ്റായ റിപ്പോർട്ട് പോലീസ് നൽകിയതിനെ കുറിച്ച് അന്വേഷിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം 10 കേസുകൾ അർഷോയ്ക്കെതിരേ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് എറണാകുളം എ.സി.പി. കോടതിയിൽ റിപ്പോർട്ട് നൽകിയത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ മാത്രം 35 കേസുകളുണ്ട്. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മർദനത്തിന് ഇരയായ കോട്ടയം സ്വദേശി നിസാം നാസർ ആണ് ഹർജി നൽകിയത്.