ദില്ലി : രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദർശനം മാറ്റിവെച്ചു. യുക്രൈനിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് തീരുമാനം. യുക്രൈനിലെ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് പ്രഥമപരിഗണനയെന്ന് രാഷ്ട്രപതി ഭവൻ വ്യക്തമാക്കി. ഇതിനിടെ കീവിൽ നിന്ന് ആയിരത്തോളം വിദ്യാർത്ഥികളെ അതിർത്തിയിൽ എത്തിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. കീവിൽ കർഫ്യുവിന് ഇളവ് വന്നാൽ കൂടുതൽ ആളുകളെ ഒഴിപ്പിക്കും. ഇതിനിടെ യുക്രൈനിൽ നിന്ന് ഏഴാമത്തെ രക്ഷാദൗത്യ വിമാനം മുംബൈയിലെത്തി. റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്നുള്ള വിമാനത്തിൽ 182 ഇന്ത്യക്കാരുണ്ട്. ഇതോടെ യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ ഇന്ത്യക്കാരുടെ എണ്ണം 1567 ആയി. യുക്രൈൻ അതിർത്തി രാജ്യങ്ങളായ ഹങ്കറി, റൊമാനിയ, സ്ലോവാക്യ, പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന്റെ ഏകോപന ചുമതല കേന്ദ്രമന്ത്രിമാർക്കാണ്. ഹർദീപ് സിങ്ങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി.കെ സിംഗ് എന്നിവരാണ് ഈ രാജ്യങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതിനായി മന്ത്രിമാർ നീക്കം തുടങ്ങിയിട്ടുണ്ട്. പോളണ്ടിലെ ശഷു വിമാനത്താവളത്തിനടുത്താണ് അതിർത്തി കടന്നെത്തിയവരെ താമസിപ്പിക്കുന്നത്. നിലവില്‍ കിയവിൽ നിന്നും 800 ഇന്ത്യക്കാർ അതിർത്തി പ്രദേശത്തേക്കെത്തി. അതേസമയം ട്രെയിനിൽ ഇന്ത്യക്കാരെ കയറ്റാൻ എംബസി ഇടപെട്ടു. ഇന്ത്യക്കാരെ ട്രെയിനിൽ കയറാൻ നേരത്തേ അനുവദിച്ചിരുന്നില്ല. അംബാസഡർ പാർത്ഥസത്പതി യുക്രൈൻ മന്ത്രിയുമായി സംസാരിച്ചതിനെ തുടർന്നാണ് പ്രവേശനം ലഭിച്ചത്. അതേസമയം ആളുകൾ നേരിട്ട് അതിർത്തിയിലേക്ക് എത്തരുതെന്നും അതിർത്തിയിൽ തിരക്കുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചിരുന്നു. സമീപമുള്ള നഗരങ്ങളിൽ തങ്ങണം. എംബസി സംഘവുമായി ആശയവിനിമയം നടത്തിയതിന് ശേഷം മാത്രം നീങ്ങണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് നിർദേശിച്ചിരുന്നു. പോളണ്ട് അതിർത്തി വഴി ബസ് സർവീസ് തുടങ്ങി. പോളണ്ടിൽ താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഹംഗറി വഴി രക്ഷാപ്രവർത്തനം ഊർജിതമാക്കും. മോൾഡോവയിൽ നിന്ന് ആളുകളെ റൊമാനിയയിൽ എത്തിച്ചാകും ഇന്ത്യയിലേക്ക് കൊണ്ടുവരികയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.












