കീവ് : റഷ്യൻ അധിനിവേശത്തിലകപ്പെട്ട യുക്രൈന് വേണ്ടി പ്രതിരോധരംഗത്തിറങ്ങാൻ സന്നദ്ധരാവുന്ന വിദേശികൾക്ക് പ്രവേശന വിസ വേണ്ടെന്ന് യുക്രൈൻ. വിസ താൽക്കാലികമായി എടുത്തുകളയാനുള്ള ഉത്തരവിൽ യുക്രാൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി ഒപ്പുവെച്ചു. ചൊവ്വഴ്ച മുതൽ പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരും. രാജ്യത്തെ മാർഷ്യൽ നിയമം(സൈനിക നിയമം) പിൻവലിക്കുന്നതു വരെ ഉത്തരവ് തുടരുമെന്നാണ് യുക്രൈൻ ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. യൂറോപ്യൻ യൂണിയനിൽ ചേരുന്നതിനുള്ള അപേക്ഷയിൽ സെലൻസ്കി ഒപ്പുവെച്ചതിനു പിന്നാലെയാണ് വിസ നടപടി ക്രമങ്ങളിലെ പുതിയ ഭേദഗതിയും യുക്രൈൻ നടപ്പാക്കിയത്.
റഷ്യയുടെ അധിനിവേശം മൂർധന്യത്തിലെത്തി നിൽക്കേ ജനങ്ങളെ സംരക്ഷിക്കാൻ രംഗത്തിറങ്ങണമെന്ന് പൗരന്മാരോടും നേരത്തെ യുക്രൈൻ ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിനായി തെരുവിൽ പോരാടാൻ തയ്യാറുള്ള ഏതൊരാൾക്കും യുക്രൈൻ സർക്കാർ ആയുധം നൽകും. പതിനെട്ടിനും അറുപതിനുമിടയിൽ പ്രായമുള്ള പുരുഷൻമാർ രാജ്യം വിടരുതെന്നും യുക്രൈൻ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു. തുടർന്ന് ആയുധങ്ങളേന്തിയ പൗരന്മാർ തെരുവിലിറങ്ങിയ ദൃശ്യങ്ങൾ യുക്രൈനിൽ നിന്ന് പുറത്തുവന്നിരുന്നു.












