കൊട്ടിയം : ക്ഷേത്രവളപ്പിൽ പരസ്യമദ്യപാനം നടത്തിയത് ചോദ്യം ചെയ്ത പഞ്ചായത്തംഗത്തിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ മൂന്നുപേരെ പോലീസ് പിടികൂടി. തട്ടാമല ശാർക്കരക്കുളം പുത്തൻവീട്ടിൽ അൽത്താഫ് (19), ഉമയനല്ലൂർ വടക്കുംകര കിഴക്ക് ശ്യാംമന്ദിരത്തിൽ ശ്യാം (24), പടനിലം വയലിൽ പുത്തൻവീട്ടിൽ പ്രസാദ് (22) എന്നിവരാണ് അറസ്റ്റിലായത്.
മയ്യനാട് ഗ്രാമപ്പഞ്ചായത്ത് പടനിലം വാർഡ് അംഗമായ രഞ്ജിത്തിനെയാണ് ഇവർ മാരകമായി കുത്തിപ്പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾ ഒളിവിലാണ്. ഉമയനല്ലൂർ ഏലായിലെ വള്ളിയമ്പലത്തിന്റെ വളപ്പിൽക്കയറി മദ്യപിച്ച് ബഹളമുണ്ടാക്കിയത് വിലക്കിയതിനായിരുന്നു ആക്രമണം. ക്ഷേത്രപരിസരം വിട്ടുപോകാൻ ആവശ്യപ്പെട്ടതോടെ പ്രകോപിതരായ ഇവർ അംഗത്തെ തടഞ്ഞുെവെച്ച് ആക്രമിക്കുകയായിരുന്നു.
ചെറുക്കാൻശ്രമിച്ച രഞ്ജിത്തിനെ കഴുത്തിലും ഇടതുചുമലിലും വയറ്റിലും കുത്തിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ രഞ്ജിത്തിനെ സമീപവാസികൾ ചേർന്ന് ഉടൻതന്നെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലുള്ള ഇദ്ദേഹം അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതർ പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് രണ്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറിയിരുന്നു. നാലാമനായി പോലീസ് തെരച്ചിൽ ഊർജിതമാക്കി. അറസ്റ്റിലായവരെ കോടതി റിമാൻഡ് ചെയ്തു.