കൊച്ചി : യുക്രൈനിൽ നിന്നും മോൾഡോവ വഴി പാലായനം ചെയ്യുന്നവർക്ക് സഹായ ഹസ്‌തവുമായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ മോൾഡോവ ഘടകം. യുക്രൈൻറെ അയൽ രാജ്യമായ മോൾഡോവ വഴി പതിനായിരങ്ങളാണ് പലായനം ചെയ്യുന്നത്. റഷ്യൻ സൈന്യം ക്യാമ്പ് ചെയ്യുന്ന സ്ഥലമായതു കൊണ്ട് അവിടം ഒരു സംഘർഷ അന്തരീക്ഷം നിലനിൽക്കുന്ന സ്ഥലമാണ്.
മോൾഡോവയിലെ മമ്മൂട്ടി ഫാൻസ് പ്രവർത്തകരാണ് ഇപ്പോൾ ഹെല്പ് ഡസ്ക് ആരംഭിച്ചിരിക്കുന്നത്. മോൾഡൊവയിൽ താൽക്കാലിക താമസവും ഭക്ഷണവും മാർഗനിർദേശങ്ങൾക്കുള്ള സഹായങ്ങളുമാണ് പരിമിതികൾക്കുള്ളിൽ നിന്ന് കൊണ്ട് ഒരുക്കിയിരിക്കുന്നതെന്ന് മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്റർനാഷണൽ പ്രസിഡന്റ് റോബർട്ട് കുര്യാക്കോസ് പറഞ്ഞു.
ഏതാനും രാഷ്ട്രീയ സംഘടനകൾ ഇത്തരം ഹെല്പ് ഡെസ്ക്കുകൾ തുടങ്ങിയിട്ടുണ്ടങ്കിലും ഇതാദ്യമായാണ് ഒരു ഫാൻസ് അസോസിയേഷൻ യുക്രൈൻ സംഘർഷബാധിതർക്ക് സഹായവുമായി എത്തുന്നത്. ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവമാണ് മമ്മൂട്ടി ഫാൻസ്. അന്താരാഷ്ട്ര തലത്തിൽ ഇരുപത് രാജ്യങ്ങളിലെ മമ്മൂട്ടിയുടെ ആരാധകർ ഒത്തു ചേർന്ന് ശ്രദ്ധേയമായ പ്രവർത്തനം നടത്താറുണ്ട്. മുൻപ് കൊവിഡ് സമയത്ത് ആസ്‌ട്രേലിയയിൽ കുടുങ്ങിപോയവരെ ഫ്ലൈറ്റ് ചാർട്ട് ചെയ്ത് നാട്ടിൽ എത്തിച്ചവരാണ് മമ്മൂട്ടി ഫാൻസ്. വിശദാംശങ്ങൾക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടാം- അമീൻ +37367452193, അനസ് +373 67412025