ന്യൂഡൽഹി : യുദ്ധമുഖത്ത് നിന്നുള്ള രക്ഷാപ്രവർത്തനം കേന്ദ്ര സർക്കാർ തുടരുകയാണ്. യുക്രൈനിലെ ഇന്ത്യൻ പൗരന്മാരേയും വഹിച്ചുകൊണ്ടുള്ള ഓപ്പറേഷൻ ഗംഗയുടെ ഒൻപതാം വിമാനവും റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്ന് പുറപ്പെട്ടതായി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ് ജയ് ശങ്കർ ട്വീറ്റ് ചെയ്തു. ഓപ്പറേഷൻ ഗംഗയുടെ ഒമ്പതാം വിമാനം റൊമാനിയയിലെ ബുക്കാറസ്റ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ടു. 218 ഇന്ത്യക്കാരാണ് വിമാനത്തിലുള്ളത്. രാജ്യത്തെ ഓരോ പൗരന്മാരും സുരക്ഷിതരാകും വരെ വിശ്രമമില്ലെന്ന് മന്ത്രി വ്യക്തമാക്കി.
അതേസമയം അതിർത്തിയിലെ പ്രതികൂല സാഹചര്യങ്ങൾ യുക്രൈനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുന്ന ശ്രമങ്ങൾക്ക് തടസമായിട്ടുണ്ടെന്ന് യുഎൻ ജനറൽ കൗൺസിലിലെ ഇന്ത്യൻ പ്രതിനിധി ടി.എസ് തിരുമൂർത്തി പറഞ്ഞു. മറ്റു രാജ്യങ്ങളിയ പൗരന്മാരുടെ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ സഹായവും ഇന്ത്യ യുഎൻ കൗൺസിലിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഫെബ്രുവരി 24 വരേയുള്ള കണക്ക് പ്രകാരം, യുക്രൈനിലെ ഇന്ത്യൻ എംബസിക്ക് അടുത്ത വീടുകളിൽ താമസിച്ചിരുന്ന 400 വിദ്യാർഥികൾ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി കീവിൽ നിന്ന് ട്രൈയിൻ മാർഗം പുറപ്പെട്ടതായി യുക്രൈനിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. കീവിൽ കർഫ്യൂ പിൻവലിച്ചതോടെ കൂടുതൽ വിദ്യാർഥികൾക്ക് നിർദേശംനൽകുമെന്നും എംബസി അറിയിച്ചു.