യുക്രൈന്‍ : റഷ്യ നിരോധിത ബോംബായ വാക്വം ബോംബ് ഉപയോഗിച്ചെന്ന് യുക്രൈന്‍. ആരോപണവുമായി യുക്രൈന്‍ പ്രതിനിധി രംഗത്തെത്തി. ആണവായുധം കഴിഞ്ഞാല്‍ ഉഗ്രശേഷിയുള്ളവയാണ് റഷ്യ ഇപ്പോള്‍ യുക്രൈനില്‍ പ്രയോഗിച്ചെന്ന വക്വം ബോംബെന്നാണ് ആരോപണം. യു.എസിലെ യുക്രൈനില്‍ അംബാസഡര്‍ ഒക്‌സാന മര്‍കറോവയാണ് യു.എസ് കോണ്‍ഗ്രസ് അംഗങ്ങളോട് സഹായാഭ്യര്‍ഥന നടത്തവേ റഷ്യ വാക്വം ബോംബ് പ്രയോഗിച്ചതായി ചൂണ്ടിക്കാട്ടിയത്.
‘ഇന്നവര്‍ വാക്വം ബോംബ് ഉപയോഗിച്ചു. റഷ്യ യുക്രെയ്‌നില്‍ വരുത്താന്‍ ശ്രമിക്കുന്ന നാശം വളരെ വലുതാണ്,’ എന്നായിരുന്നു മര്‍ക്കറോവയുടെ പരാമര്‍ശം. എന്നാല്‍ ഈ ആരോപണത്തില്‍ പ്രതികരിക്കാന്‍ വാഷിങ്ടണ്ണിലെ റഷ്യന്‍ എംബസി തയാറായിട്ടില്ല. മറ്റാരും പ്രതികരണത്തിലും തയ്യാറായില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ റഷ്യ അത്തരമൊരു നീക്കം നടത്തില്ലെന്നാണ് ലോകം കരുന്നത്. എന്നാല്‍ യുക്രൈന്‍ അതിര്‍ത്തിക്ക് സമീപം റഷ്യന്‍ തെര്‍മോബാറിക് മള്‍ട്ടിപ്പിള്‍ റോക്കറ്റ് ലോഞ്ചര്‍ കണ്ടെത്തിയതായി സിഎന്‍എന്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ലെന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി വ്യക്തമാക്കുന്നത്.
യുക്രൈനില്‍ റഷ്യന്‍ സൈന്യം നിരോധിക്കപ്പെട്ട ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ വ്യാപകമായി ഉപയോഗിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷണലും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാക്വം ബോംബ് പോലെയുള്ള ക്ലസ്റ്റര്‍ യുദ്ധോപകരണങ്ങള്‍ ഉപയോഗിക്കുന്നത് ഇന്റര്‍നാഷണല്‍ ഹ്യുമാനിട്ടേറിയന്‍ നിയമത്തിന്റെ ലംഘനമാണെന്നും സാധാരണക്കാരെ കൊല്ലുകയോ പരിക്കേല്‍പ്പിക്കുകയോ ചെയ്യുന്നത് യുദ്ധക്കുറ്റമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ അപലപിച്ചു.