കീവ്: യുക്രൈനിലെ ഖാര്‍ക്കീവില്‍ കര്‍ണാടകയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ഥി നവീന്‍ ശേഖരപ്പ ജ്ഞാനഗൗഡര്‍ (22) കൊല്ലപ്പെട്ടത് ഭക്ഷണത്തിനായി ക്യൂവില്‍ നില്‍ക്കുമ്പോഴുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തില്‍. പണത്തിനും ഭക്ഷണത്തിനുമായി ബങ്കറില്‍ പുറത്തുപോകുന്നതിന് തൊട്ടുമുമ്പ്, നവീന്‍ പിതാവ് ശേഖര ഗൗഡയുമായി സംസാരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കര്‍ണാടകയില്‍ നിന്നുള്ള മറ്റു ചില വിദ്യാര്‍ഥികള്‍ക്കൊപ്പം കഴിഞ്ഞിരുന്ന ബങ്കറില്‍ ആവശ്യത്തിന് ഭക്ഷണമോ വെള്ളമോ അവശേഷിക്കുന്നില്ലെന്ന് നവീന്‍ പിതാവിനെ അറിയിച്ചിരുന്നു. ഖാര്‍ക്കീവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ അവസാന വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍. കര്‍ണാടകയിലെ ഹവേരിയില്‍ നിന്നുള്ള നവീന്‍, റഷ്യന്‍ സൈനികര്‍ തകര്‍ത്ത ഗവര്‍ണര്‍ ഹൗസിന് സമീപമാണ് താമസിച്ചിരുന്നത്.
ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ് നവീന്‍ പുറത്തേക്ക് പോയതെന്ന് ഖാര്‍ക്കീവിലെ സ്റ്റുഡന്റ് കോര്‍ഡിനേറ്ററായ പൂജ പ്രഹരാജിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഹോസ്റ്റലിലെ മറ്റുള്ള വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ ഭക്ഷണം എത്തിച്ച് നല്‍കിയിരുന്നുവെന്നും എന്നാല്‍ നവീന്‍ ഗവര്‍ണര്‍ ഹൗസിന് തൊട്ടുപിന്നിലെ ഒരു ഫ്‌ലാറ്റിലാണ് താമസിച്ചിരുന്നതെന്നും പൂജ പറഞ്ഞു.