തിരുവനന്തപുരം : തിരുവല്ലം കസ്റ്റഡി മരണക്കേസിൽ മരണ കാരണത്തെ കുറിച്ച് വ്യക്തത കിട്ടാൻ രണ്ട് ദിവസം വേണ്ടിവരുമെന്ന് മെഡിക്കൽസംഘം. പോലീസ് കസ്റ്റഡിയിലിരിക്കെ സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് പ്രാഥമിക നിഗമനം. എന്നാൽ ഹൃദയാഘാതത്തിന് ഉള്ള കാരണം അറിയാനായി പത്തോളജി റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് മെഡിക്കൽ സംഘം. മർദ്ദനം മൂലമാണോ അല്ല, മറ്റ് അസുഖങ്ങൾ ഉള്ളത് കൊണ്ടാണോ ഹൃദയാഘാതം ഉണ്ടായത് എന്നാണ് അറിയേണ്ടത്. അതേസമയം, മൃതദേഹത്തിൽ അസ്വഭാവികമായ ചതവോ, മുറിവോ ഇല്ലെന്നാണ് ഇൻക്വസ്റ്റ് റിപ്പോർട്ട്. തിരുവല്ലം ജഡ്ജികുന്നിൽ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ഞായറാഴ്ച വൈകുന്നേരം ആക്രമിച്ചതിനാണ് മരിച്ച സുരേഷ് അടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ 11.30യോടെ സുരേഷ് സ്വകാര്യ ആശുപത്രിയിൽ വച്ചു മരിച്ചു. നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിലെത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് മർദ്ദനമാണ് മരണ കാരണമെന്ന് നാട്ടുകാർ ആരോപിച്ചതോടെ സബ്-കളക്ടറുടെയും മജിസ്ട്രേറ്റിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.
സുരേഷിന്റെ ബന്ധുക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇൻക്വസ്റ്റ്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മൂന്നംഗ ഫൊറൻസിക് ഡോക്ടർമാരുടെ സംഘം പോസ്റ്റുമോർട്ടം നടത്തി. ഹൃദയാഘാതമാണ് മരണകാരണെങ്കിലും ഹൃദയാഘാതമുണ്ടായത് എങ്ങനെയെന്ന വ്യകത്മാകാൻ കൂടുതൽ ശാത്രീയ പരിശോധന ഫലങ്ങള്‍ വരേണ്ടതുണ്ടെന്ന് ഡോക്ടർമാരുടെ നിലപാട്. മർദ്ദനമാണ് മരണകാരണമെന്നാണ് റിപ്പോർട്ടെങ്കിൽ അന്വേഷണം സിബിഐക്ക് കൈമാറും. തിരുവല്ലത്തെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം ശാന്തികവാടത്തിൽ സംസ്കാരിച്ചു.
സംസ്ഥാന പോലീസ് കംപ്ലെയ്റ്റ് അതോററ്റി ചെയർമാൻ വികെ മോഹനൻ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണത്തിനായി എത്തിയതാണെന്നും മോഹനൻ പറഞ്ഞു. അതേ സമയം, സുരേഷ് അടക്കമുള്ളവർ സദാചാര പൊലീസ് ചമഞ്ഞ് മർദ്ദിച്ചുവെന്ന് പരാതിക്കാരായ ദമ്പതികൾ പറഞ്ഞു. പണം ചോദിച്ച് മണിക്കൂറുകളോളം തടഞ്ഞുവെച്ചെന്ന് പരാതിക്കാരൻ നിഖിൽ പറഞ്ഞു. ജഡ്ജികുന്നില്‍ നിന്നും ചിത്രങ്ങളെടുക്കാൻ പോയപ്പോള്‍ വഴി കാണിച്ചു തന്ന ശേഷം സുരേഷ് അടക്കമുള്ള സംഘം തന്നെയും ഭാര്യയെും മർദ്ദിച്ചുവെന്നാണ് നിഖിലിന്റെ പരാതി. സ്ഥലം സന്ദര്‍ശിക്കാനെത്തിയ തന്നെയും ഭാര്യയെയും സുഹ്യത്തിനെയും മദ്യപ സംഘം ബന്ദിയാക്കി. മുക്കാല്‍ മണിക്കൂറോളം മര്‍ദ്ദിച്ചു. സ്ത്രീകളെയും ഉപദ്രവിച്ചു. ഫോണ്‍ വിളിക്കാന്‍ പോലും അനുവദിച്ചില്ലെന്നും ദമ്പതികള്‍ പറഞ്ഞു.