മുംബൈ : ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെതിരെ തെളിവില്ലെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). പ്രത്യേക അന്വേഷണ സംഘം സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡ് ക്രമവിരുദ്ധമാണെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു. ആര്യൻ ഖാനിൽ നിന്ന് ലഹരിമരുന്ന് കണ്ടെടുത്തിരുന്നില്ല. ഈ സാഹചര്യത്തിൽ മൊബൈൽ ഫോൺ പിടിച്ചെടുക്കാൻ പാടില്ലായിരുന്നു. മൊബൈൽ ചാറ്റുകൾ പരിശോധിച്ചതിൽ മാഫിയ ബന്ധം തെളിയിക്കുന്ന യാതൊന്നും ലഭിച്ചില്ലെന്നും ഗൂഢാലോചനാ വാദം നിലനിൽക്കില്ലെന്നും എൻസിബി കണ്ടെത്തി. റെയ്ഡ് നടപടികൾ ക്യാമറയിൽ ചിത്രീകരിച്ചില്ലെന്നുള്ളത് പ്രധാന പിഴവായി എൻസിബി ചൂണ്ടിക്കാണിക്കുന്നു. രണ്ട് മാസത്തിനകം പ്രത്യേക അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിക്കും.
ഒക്ടോബർ രണ്ടിനു മുംബൈ തീരത്ത് ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് ആര്യനുൾപ്പെടെ 20 പേരെയാണ് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തത്. മൂന്നാഴ്ചയ്ക്കു ശേഷം ആര്യനു ജാമ്യം ലഭിച്ചിരുന്നു. കപ്പലിൽനിന്നു കൊക്കെയ്ൻ, ഹഷീഷ്, എംഡിഎംഎ ഉൾപ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകൾ പിടിച്ചെടുത്തിരുന്നു. സുഹൃത്തിന്റെ ക്ഷണപ്രകാരമാണ് ആഡംബരക്കപ്പലിലെ വിരുന്നില്‍ പങ്കെടുക്കാന്‍ പോയതെന്നും ബോളിവുഡില്‍നിന്നുള്ള ആളായതുകൊണ്ട് പാര്‍ട്ടിയുടെ ഗ്ലാമര്‍ കൂട്ടാന്‍ വേണ്ടി ക്ഷണിച്ചതാകാമെന്നും ആര്യൻ കോടതിയിൽ പറഞ്ഞിരുന്നു. ആര്യനിൽനിന്ന് ലഹരി മരുന്ന് പിടിച്ചിട്ടില്ലെന്നും ലഹരിമരുന്ന് ഉപയോഗിച്ചതിന് വൈദ്യ പരിശോധനാ ഫലം പോലുമില്ലെന്നും ആര്യന്റെ അഭിഭാഷകൻ കോടതിയിൽ വാദത്തിനിടെ ചൂണ്ടിക്കാട്ടിയിരുന്നു.