ദുബൈ: ദുബൈയിൽ മരിച്ച നിലയിൽ കാണപ്പെട്ട പ്രശസ്ത വ്ലോഗറും ആൽബം താരവുമായ കോഴിക്കോട് ബാലുശ്ശേരി കാക്കൂർ പാവണ്ടൂർ അമ്പലപറമ്പിൽ റിഫ ഷെറിന്‍റെ (റിഫ മെഹ്നൂ-20) മൃതദേഹം വ്യാഴാഴ്ച പുലർച്ചെ നാട്ടിലെത്തിക്കും. ബുധനാഴ്ച രാത്രി 11ന് ഷാർജയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വിമാനത്തിലാണ് മൃതദേഹം എത്തിക്കുന്നത്.
ദുബൈ ജാഫിലിയയിലെ താമസ സ്ഥലത്ത് ചൊവ്വാഴ്ച രാവിലെയാണ് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് നീലേശ്വരം സ്വദേശിയായ മെഹ്നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബൈയിൽ എത്തിയത്. തിങ്കളാഴ്ച രാത്രി വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. റിഫ മെഹ്നൂസ് എന്ന പേരിൽ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും സജീവമായിരുന്നു. വ്ലോഗിങ്ങിന് പുറമെ റിഫയും ഭർത്താവും ചേർന്ന് മ്യൂസിക് ആൽബങ്ങളും ചെയ്തിരുന്നു. ഫാഷൻ, ഫുഡ്, യാത്ര തുടങ്ങിയവയിലെ വിഡിയോകളായിരുന്നു റിഫ ചെയ്തിരുന്നത്.
മകൻ: അസാൻ മെഹനു (രണ്ട് വയസ്). പിതാവ്: റാഷിദ്. മാതാവ് ഷറീന. സഹോദരൻ: റിജുൻ.