ബംഗളുരു: കര്‍ണാടകയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാർഥികള്‍ നിര്‍മിക്കുന്ന ഉപഗ്രഹത്തിന് നടന്‍ പുനീത് രാജ്കുമാറിന്റെ പേര് നൽകി. പുനീത് രാജ്കുമാര്‍ സ്റ്റുഡന്റ് സാറ്റലൈറ്റ് പ്രൊജക്ട്’ എന്നാണ് ഉപഗ്രഹ പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്.
രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് 75 കൃത്രിമോപഗ്രഹങ്ങളാണ് വിക്ഷേപിക്കുക. ഇതിന്‍റെ ഭാഗമായി സെപ്തംബറിൽ വിക്ഷേപിക്കാനൊരുങ്ങുന്ന ഉപഗ്രഹത്തിനാണ് പുനീതിന്റെ പേര് നല്‍കിയിരിക്കുന്നത്. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി സി.എന്‍. അശ്വത് നാരായണനാണ് പദ്ധതിക്ക് പുനീതിന്റെ പേര് പ്രഖ്യാപിച്ചത്. ബംഗളുരു മല്ലേശ്വരം സര്‍ക്കാര്‍ പി.യു കോളേജില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം.സംസ്ഥാനത്തെ 20 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നുമുള്ള നൂറോളം വിദ്യാര്‍ത്ഥികളാണ് ഉപഗ്രഹ വിക്ഷേപണ പദ്ധതിയുടെ ഭാഗമാകുന്നത്. വിവിധ മത്സര പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ശേഷമാണ് പദ്ധതിയുടെ ഭാഗമാവാന്‍ വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്തത്.1.90 കോടി രൂപ ചെലവിട്ടാണ് 1.5 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹം നിര്‍മിക്കുന്നത്.