കിയവ്: വൊളോദിമിർ സെലൻസ്കിയെ യുക്രെയ്ൻ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് മാറ്റുന്നതിന് റഷ്യ നീക്കം നടത്തുന്നതായി റിപ്പോർട്ടുകൾ. പകരം റഷ്യൻ അനുകൂലിയും മുൻ പ്രസിഡന്‍റുമായ വിക്ടർ യാനുക്കോവിച്ചിനെ തൽസ്ഥാനത്ത് പ്രതിഷ്ഠിക്കാനാണ് നീക്കമെന്നും യുക്രെയ്ൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് 2014ലാണ് യാനുക്കോവിച്ചിനെ പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് പുറത്താക്കുന്നത്. പിന്നാലെ അദ്ദേഹം റഷ്യയിലേക്ക് കടന്നു. യാനുക്കോവിച്ച് ബെലറൂസിലെ മിൻസികിൽ എത്തിയതായും റിപ്പോർട്ടുകളുണ്ട്. യാനുക്കോവിച്ചിനെ പ്രസിഡന്‍റ് സ്ഥാനത്ത് തിരികെ എത്തിക്കാനുള്ള മാധ്യമ പ്രചാരണങ്ങളും കാമ്പയിനും റഷ്യ ശക്തമാക്കിയതായും പറയുന്നു.
അതേസമയം, റഷ്യയും യുക്രെയ്നും തമ്മിലുള്ള രണ്ടാംഘട്ട സമാധാന ചർച്ച ബുധനാഴ്ച വൈകീട്ട് പുനരാരംഭിക്കുമെന്ന് റഷ്യൻ സ്റ്റേറ്റ് ന്യൂസ് ഏജൻസി ടാസ് റിപ്പോർട്ട് ചെയ്തു. ഞങ്ങളുടെ പ്രതിനിധികൾ ചർച്ച തുടരാൻ തയാറാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. ബെലറൂസ് അതിർത്തിയിൽ നടന്ന ആദ്യഘട്ട ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു. പ്രസിഡന്‍റ് വ്ലാദിമിർ പുടിന്‍റെ വിശ്വസ്തനൻ വ്ലാദിമിർ മെഡിൻസ്കി തന്നെയാണ് ഇത്തവണയും റഷ്യൻ സംഘത്തെ നയിക്കുന്നത്. ചർച്ച നടക്കുന്ന കാര്യം യുക്രെയ്ൻ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും എവിടെ വെച്ചാണെന്ന് കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.