മുംബൈ: ഐപിഎൽ 2022 സീസൺ തുടങ്ങാൻ കഷ്ടിച്ച് ഒരു മാസം മാത്രം ശേഷിക്കെ സമൂഹ മാധ്യമങ്ങളിൽ സുരേഷ് റെയ്ന വീണ്ടും തരംഗമാകുന്നു. 2008 മുതൽ ദീർഘകാലം ചെന്നൈ സൂപ്പർ കിങ്സിന്റെ വിശ്വസ്ത മധ്യനിര ബാറ്ററായിരുന്ന റെയ്നയെ ഇത്തവണ മെഗാ താരലേലത്തിൽ ചെന്നൈ കൈവിട്ടതിനു പിന്നാലെ ടീം മാനേജ്മെന്റിനെ വിമർശിച്ചും നിരാശ അറിയിച്ചും ഒട്ടേറെ ആരാധകർ രംഗത്തെത്തിയിരുന്നു.
205 ഐപിഎൽ മത്സരങ്ങളിൽ നേടിയ 5528 റൺസോടെ ചെന്നൈയുടെ നേട്ടങ്ങളിൽ നിർണായക പങ്കാളിത്തം വഹിച്ച റെയ്നയെ കൈവിട്ട ടീം മാനേജ്മെന്റിന്റെ തീരുമാനവുമായി ഒടുവിൽ ആരാധകർ പൊരുത്തപ്പെട്ടതോടെ സമൂഹ മാധ്യമങ്ങളിൽ ‘ചിന്നത്തല’യ്ക്കായുള്ള മുറവിളികൾ ഒരു വിധം കെട്ടടങ്ങിയതാണ്.
എന്നാൽ, ഇപ്പോൾ ഗുജറാത്ത് ടൈറ്റൻസിന്റെ ഓപ്പണിങ് ബാറ്റർ ജെയ്സൻ റോയ് കുടുംബത്തിനൊപ്പം കൂടുതൽ സമയം ചെലവിടാനായി ഐപിഎല്ലിൽനിന്നു പിന്മാറിയതോടെ, റോയിക്കു പകരക്കാരനായി സുരേഷ് റെയ്നയെ ടീമിലെടുക്കാൻ ഫ്രാഞ്ചൈസിയോട് ഒട്ടേറെ ആരാധകരാണു സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നത്.
2016–17 സീസണുകളിൽ ഐപിഎല്ലിന്റെ ഭാഗമായിരുന്ന ഗുജറാത്ത് ലയൺസ് ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായിരുന്നു സുരേഷ് റെയ്ന. ഈ 2 സീസണുകളിൽ മാത്രമാണ് ചെന്നൈ അല്ലാത്ത മറ്റൊരു ടീമിനായി റെയ്ന കളിച്ചിട്ടുള്ളതും. ഗുജറാത്തിനെ അതിരറ്റു സ്നേഹിക്കുന്ന വെറ്ററൻ താരം കൂടിയായ റെയ്നയെ ടീമിലെടുത്താൽ, അതു ടീമിനു മുതൽക്കൂട്ടാകുമെന്നാണ് ആരാധകരുടെ പക്ഷം. റെയ്നയെ ടീമിലെടുക്കാനുള്ള നീക്കങ്ങൾ ഗുജറാത്ത് തുടങ്ങിയെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.