പട്ന: കാലിത്തീറ്റ കുംഭകോണ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി വെള്ളിയാഴ്ച പരിഗണിക്കും. കാലിത്തീറ്റ കുംഭകോണത്തിലെ അഞ്ചാമത്തെ കേസിൽ അഞ്ചു വർഷം തടവു ശിക്ഷ വിധിച്ചതിനെ തുടർന്നു ലാലുവിനെ വീണ്ടും ജയിലിലാക്കിയിരുന്നു. ചികിൽസാ സൗകര്യാർഥം ലാലുവിനെ ജയിലിൽനിന്നു റാഞ്ചി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലേക്കു മാറ്റി.
ലാലുവിന്റെ അനാരോഗ്യം പരിഗണിച്ചു ജാമ്യം അനുവദിക്കണമെന്നാണ് അപേക്ഷ. ലാലുവിന്റെ വൃക്കകളുടെ പ്രവർത്തനം 20 ശതമാനമേയുള്ളുവെന്നാണു മെഡിക്കൽ റിപ്പോർട്ട്. പ്രമേഹവും രക്തസമ്മർദ്ദവും ഉൾപ്പെടെ 17 രോഗങ്ങളാൽ അവശനാണു ലാലു. പട്ന സിബിഐ കോടതിയുടെ പരിഗണനയിലുള്ള കാലിത്തീറ്റ കുംഭകോണ കേസിൽ ഈ മാസം 30നു വാദം കേൾക്കും. പട്ന കോടതിയിൽ നേരിട്ടു ഹാജരാകാൻ ലാലുവിനോടു ആവശ്യപ്പെട്ടിരുന്നെങ്കിലും റാഞ്ചിയിൽ തടവിലായതിനാൽ ഓൺലൈനിൽ ഹാജരാകാനാണു സാധ്യത.