മൂന്നാര്‍ : കണ്ണിനും ചെവിക്കും ഇടയിലെ പരിക്കില്‍ നിന്നും ഒലിച്ചിറങ്ങുന്ന രക്തവും കീറിപ്പറിഞ്ഞ ചെവിയുമായി ജനവാസമേഖലകളില്‍ ചുറ്റിത്തിരിയുന്ന കാട്ടാന ജനങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നു. മൂന്നാര്‍ (Munnar) നല്ലതണ്ണി എസ്റ്റേറ്റിലെ ജനവാസ മേഖലയിലുള്ള വീടുകള്‍ക്കു സമീപമാണ് ഈ കാട്ടാന കഴിഞ്ഞ ദിവസം രാവിലെയെത്തിയത്. കണ്ണില്‍ നിന്ന് വെള്ളം ഒഴുകിയിറങ്ങിയ പോലെയുള്ള പാടുകളും കാണാം. കഴിഞ്ഞയാഴ്ച നല്ലതണ്ണി എസ്റ്റേറ്റിനു സമീപമുള്ള കുറുമല ഡിവിഷനില്‍ കൊമ്പു കോര്‍ത്ത രണ്ടാനകളില്‍ ഒന്നാണ് ഇതെന്ന് കരുതുന്നത്. പൊരിഞ്ഞ പോരാട്ടത്തിനിടയില്‍ രണ്ടു കോമ്പന്‍മാര്‍ക്കും കാര്യമായി പരിക്കേറ്റിരുന്നു.
പോരാട്ടത്തിനു ശേഷം എസ്‌റ്റേറ്റില്‍ ആനകള്‍ ആക്രമണം നടത്തുകയും ചെയ്തിരുന്നു. വീടിനു സമീപം നിന്നിരുന്ന ഓട്ടോറിക്ഷാ കാട്ടാന തകര്‍ക്കുകയും തേയിലച്ചെടികള്‍ പിഴുതെറിയുകയും ചെയ്തിരുന്നു. പരിക്കേറ്റതിലൂടെ റോഡില്‍ വീണ രക്തവും അന്ന് കാണാമായിരുന്നു. സംഭവത്തിനു ശേഷം സംഭവം അന്വേഷിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ ആനകളെ നിരീക്ഷിച്ചെങ്കിലും കാട്ടിനുള്ളിലേക്ക് മടങ്ങിയതിനാല്‍ കാര്യമുണ്ടായില്ല. എന്നാല്‍ പരിക്കേറ്റതിന്റെ പരിഭ്രാന്തിയുമായി നടക്കുന്ന കാട്ടാന ജനങ്ങളെ ആക്രമിക്കുവാന്‍ മുതിരുമോ എന്നുള്ള ഭീതിയിലാണ് നാട്ടുകാരുള്ളത്.