കീവ് : യുക്രൈനിലെ മൂന്ന് സ്‌കൂളുകള്‍ക്കും കത്തീഡ്രലിന് നേരെയും റഷ്യന്‍ സൈന്യത്തിന്റെ ആക്രമണമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട്. ആക്രമണദൃശ്യങ്ങളും പുറത്തുവന്നു. യുക്രൈനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ഖാര്‍ക്കീവിലാണ് ആക്രമണമുണ്ടായത്. രാജ്യത്ത് റഷ്യന്‍ അധിനിവേശം സംഘര്‍ഷത്തിലേക്ക് എത്തിയപ്പോള്‍ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരുന്നു. ഖാര്‍ക്കീവിലെ സിറ്റി കൗണ്‍സില്‍ ബില്‍ഡിങിലുണ്ടായ ആക്രമണത്തില്‍ അസംപ്ഷന്‍ കത്തീഡ്രലും നിരവധി കെട്ടിടങ്ങളും തകര്‍ന്നു.യുക്രൈനിലെ കീവ് ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ റഷ്യയുടെ വ്യോമാക്രമണ മുന്നറിയിപ്പുണ്ട്. കീവിലെ തുടര്‍ ആക്രമണങ്ങളുടെ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ബങ്കറുകളിലേക്ക് പോകാനാണ് നിര്‍ദേശം.
യുക്രൈനിലെ ആക്രമണങ്ങളില്‍ 752 സാധാരണക്കാര്‍ക്ക് പരുക്കേറ്റെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധത്തില്‍ ഇതുവരെ 9000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കിയുടെ അവകാശവാദം. കീവിന്റെ ചെറുത്തുനില്‍പ്പ് റഷ്യന്‍ പദ്ധതികള്‍ തകിടംമറിച്ചെന്ന് സെലന്‍സ്‌കി പറഞ്ഞു.
അതേസമയം റഷ്യക്കെതിരെ ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ചൈനയും പാകിസ്താനും ഉള്‍പ്പെടെ 35 രാജ്യങ്ങളാണ് പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നത്. ബെലാറസ്, എറിത്രിയ, ഉത്തര കൊറിയ, സിറിയ, റഷ്യ എന്നീ അഞ്ച് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. യുക്രൈനില്‍ അധിനിവേശം നടത്തിയ റഷ്യയുടെ നിലപാടിനെതിരെ 141 രാജ്യങ്ങളാണ് വോട്ടുചെയ്തത്.