കീവ് : യുദ്ധത്തിൽ ഇന്ത്യൻ പൗരൻമാരെ യുക്രൈൻ സേന മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യ. ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് തടസം നിൽക്കുന്നത് യുക്രൈനാണെന്നും വലിയൊരു വിഭാഗം ഇന്ത്യൻ വിദ്യാർഥികളെ അതിർത്തി കടക്കാൻ അനുവദിക്കാതെ യുക്രൈൻ സേന മനുഷ്യകവചമാക്കി നിർത്തുകയാണെന്നാണുമാണ് റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ ആരോപണം. യുക്രൈൻ വിട്ട് റഷ്യയിലെ ബെൽഗോറോഡിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ ഹാർകിവിൽ യുക്രൈൻ അധികൃതർ നിർബന്ധപൂർവ്വം മനുഷ്യകവചമായി നിർത്തിയിരിക്കുകയാണെന്നാണ് തങ്ങൾക്ക് ലഭിച്ച വിവരമെന്ന് റഷ്യൻ സൈനിക വക്താവ് പറഞ്ഞു. അതേസമയം യുക്രൈൻ ഇന്ത്യക്കാരെ മനുഷ്യകവചമാക്കുന്നുവെന്ന റിപ്പോർട്ട് ഇന്ത്യ നിഷേധിച്ചു. ഇതുസംബന്ധിച്ച ഒരു റിപ്പോർട്ടും ഇതുവരെ ലഭിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഹാർകീവിൽ നിന്ന് ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് പടിഞ്ഞാറൻ അതിർത്തിയിലേക്ക് പോകാനായി പ്രത്യേക ട്രെയിൻ സർവീസ് ഒരുക്കണമെന്ന് യുക്രൈൻ അധികൃതരോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഇന്ത്യൻ പൗരൻമാരെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ആവശ്യമായ എല്ലാ നടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും റഷ്യ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യ ആവശ്യപ്പെട്ടത് അനുസരിച്ച് ഇന്ത്യൻ പൗരൻമാരെ സുരക്ഷിതമായി അതിർത്തി കടത്തി തങ്ങളുടെ സ്വന്തം സൈനിക വിമാനങ്ങളിലോ ഇന്ത്യൻ വിമാനങ്ങളിലോ നാട്ടിലെത്തിക്കുമെന്നും റഷ്യ വ്യക്തമാക്കിയിരുന്നു.
യുക്രൈനിൽ ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പൗരൻമാരുടെ ഒഴിപ്പിക്കൽ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിനുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഇന്ത്യക്കാർക്ക് സുരക്ഷ ഒരുക്കുമെന്ന് റഷ്യ വ്യക്തമാക്കിയത്. നിലവിൽ ആയിരത്തിലധികം ഇന്ത്യൻ പൗരൻമാർ യുക്രൈനിലെ കിഴക്കൻ നഗരമായ ഹാർകീവിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. അതേസമയം ഇന്ത്യക്കാരെ യുക്രൈൻ മനുഷ്യകവചമാക്കുന്നുവെന്ന ആരോപണം അമേരിക്ക തള്ളി. ഇതിനിടെ പുതിൻ റഷ്യയിൽ ഉടൻ പട്ടാള നിയമം പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.