ദില്ലി : ഇന്ത്യക്കാരെ യുക്രൈനിൽ ബന്ദിയാക്കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അത്തരത്തിലുള്ള ഒരു റിപ്പോർട്ടും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. യുക്രൈൻ ഇന്ത്യക്കാരെ ബന്ദികളാക്കി മനുഷ്യകവചമാക്കുന്നുവെന്ന് റഷ്യ ആരോപിച്ചതിന് പിന്നാലെയാണ് പ്രതികരണം. രക്ഷാദൗത്യത്തിന് സഹകരിക്കുന്ന യുക്രൈൻ അധികൃതർക്ക് വിദേശകാര്യ മന്ത്രാലയം നന്ദി പറഞ്ഞു. യുക്രൈൻ അധികൃതരുടെ സഹകരണത്തോടെ ഒട്ടേറെ ഇന്ത്യക്കാർ ഇന്നലെ ഖാർകീവിൽ നിന്ന് പുറത്തുകടന്നു. ഖാർകീവിൽ നിന്ന് പടിഞ്ഞാറൻ ഭാഗത്തേക്ക് പോകാൻ കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്തണമെന്ന് യുക്രൈനോട് അഭ്യർത്ഥിച്ചു. ഇന്ത്യക്കാർക്ക് താമസം അടക്കം സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന യുക്രൈന്റെ പടിഞ്ഞാൻ അതിർത്തിയിലെ രാജ്യങ്ങൾക്കും വിദേശകാര്യ മന്ത്രാലയം നന്ദി അറിയിച്ചു. റഷ്യ, റൊമാനിയ, പോളണ്ട്, ഹംഗറി, സ്ലൊവാക്യ, മോൾഡോവ എന്നീ രാജ്യങ്ങളുമായി രക്ഷാദൗത്യം ഏകോപിപ്പിക്കുന്നുവെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.