തിരുവനന്തപുരം : കെപിസിസി പുനഃസംഘടന അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതെന്ന് കെ മുരളീധരൻ എം പി. അഭിപ്രായ വ്യതാസങ്ങൾ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എം.പി മാർ കത്ത് കൊടുത്തതായി അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടിയുടെ അച്ചടക്ക സീമ ലംഘിക്കാൻ ആരെയും അനുവദിക്കില്ല. കെപിസിസി പ്രസിഡന്റിനെ വിശ്വാസത്തിലെടുത്ത് മാത്രമേ ഹൈക്കമാൻഡ് മുന്നോട്ട് പോകൂ. കൂടാതെ രമേശ് ചെന്നിത്തലയുമായി ശത്രുതയിലല്ല. തർക്കങ്ങൾ ഉണ്ടായിരുന്നു അത് പരിഹരിച്ചെന്നും കെ മുരളീധരൻ എം പി വ്യക്തമാക്കി. ഹൈക്കമാൻഡിന്റെ വിലക്കോടെ വഴിമുട്ടിയ പുനഃസംഘടന തർക്കം പരിഹരിക്കാൻ സമവായശ്രമങ്ങൾ തുടങ്ങി. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ചർച്ച നടത്തി. സംഘടനാ തെരഞ്ഞെടുപ്പിന്റെ അംഗത്വവിതരണം വേഗത്തിലാക്കാനും നേതൃത്വം തീരുമാനിച്ചു. അതേസമയം, ഉമ്മൻചാണ്ടി ഉൾപ്പെടെ മുതിർന്ന നേതാക്കളെ കാണിച്ച ശേഷമേ പട്ടിക കൈമാറാൻ പാടുള്ളുവെന്ന നിലപാടിലാണ് ഗ്രൂപ്പുകൾ.