കൊച്ചി : സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടലിനെതിരെ എറണാകുളത്തും ആലപ്പുഴയിലും പ്രതിഷേധം. ആലുവ ചൊവ്വരയില്‍ പാടശേഖരത്ത് കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ സമരസമിതി തടഞ്ഞു. സ്ഥലത്ത് വന്‍ പോലീസ് സന്നാഹമേര്‍പ്പെടുത്തി. കല്ലിടലിനെതിരെ ആലപ്പുഴ ചെങ്ങന്നൂര്‍ മുളക്കുഴയിലും നാട്ടുകാര്‍ പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിയുമായി പ്രതിഷേധിച്ച എട്ടുപേരെ പോലീസ് അറസ്റ്റുചെയ്തു. പ്രതിഷേധത്തിനിടെ പോലീസ് എത്തിയതോടെ നാട്ടുകാരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്നാണ് എട്ടുപേരെ അറസ്റ്റ് ചെയ്ത് നീക്കിയത്. നേരത്തെയും ചെങ്ങന്നൂരില്‍ കെ റെയിലിനെതിരെ നാട്ടുകാര്‍ പ്രതിഷേധം നടത്തിയിരുന്നു. പോലീസ് ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളിച്ചാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
അതേസമയം കല്ലിടലുമായി മുന്നോട്ട് പോകാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. പ്രതിഷേധക്കാരായ സ്ത്രീകളും പോലീസുമായി സംഘര്‍ഷമുണ്ടായതോടെ വനിതാ പോലീസും സ്ഥലത്തെത്തി. ഒരു കാരണവശാലും കല്ലിടല്‍ നടപടി തുടരാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.