ന്യൂഡൽഹി: യുക്രെയ്നിൽനിന്നു കൊണ്ടുവന്ന നായയെ കേരളത്തിലെത്തിക്കുന്നതിൽ പ്രതിസന്ധി. ഡൽഹിയില്‍നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ നായയെ കയറ്റില്ലെന്നാണ് എയർ ഏഷ്യ വിമാനക്കമ്പനിയുടെ നിലപാട്. മറ്റു വിമാന സർവീസുകൾ പരിഗണിക്കുമെന്ന് നായയുമായെത്തിയ ആര്യ പറഞ്ഞു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി ആര്യയാണ് സൈബീരിയന്‍ ഹസ്കി ഇനത്തിൽപെട്ട നായയുമായി ഡല്‍ഹി വിമാനത്താവളത്തിലെത്തിയത്.
കീവിലെ വെനീസിയ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ രണ്ടാംവര്‍ഷ വിദ്യാർഥിനിയാണ് ആര്യ ആൽഡ്രിൻ. ഹാരിസൺ മലയാളം ദേവികുളം ലോക്ക്ഹാർട് എസ്റ്റേറ്റിലെ ഫീൽഡ് ഓഫിസറായ അൽഡ്രിൻ-കൊച്ചുറാണി ദമ്പതികളുടെ മകളാണ്. അരുമ മൃഗങ്ങളോട് ഏറെ കമ്പമുള്ള ആര്യ കീവിൽ എത്തിയപ്പോൾ വാങ്ങിയതാണ് സൈബീരിയൻ ഹസ്കി ഇനമായ സേറയെന്ന നായയെ.
27ന് യുദ്ധഭൂമിയിൽ നിന്ന് ജീവനുംകൊണ്ട് പാലായനം ചെയ്യുമ്പോഴും ആര്യക്ക് സേറയെ അവിടെ ഉപേക്ഷിക്കാൻ മനസുവന്നില്ല. കീവിൽ നിന്ന് റുമാനിയയിലേക്ക് പുറപ്പെട്ട ബസിൽ സേറയെയും മടിയിൽ ഇരുത്തിയായിരുന്നു പാലായനം. എന്നാൽ അതിർത്തിക്ക് 12 കിലോമീറ്റർ ഇപ്പുറം ആ യാത്ര അവസാനിച്ചു. കൊടും തണുപ്പിൽ 12 കിലോമീറ്റർ നടന്നാണ് ആര്യ സേറയുമായി സുഹൃത്തുക്കൾക്കൊപ്പം അതിർത്തിയിൽ എത്തിയത്. നായയുമായി അതിർത്തി കടക്കാൻ പട്ടാളം ആദ്യം അനുവദിച്ചില്ല. എന്നാൽ സേറയെ പിരിയാനുള്ള ആര്യയുടെ വിഷമം കണ്ടറിഞ്ഞ് അനുമതി നൽകുകയായിരുന്നു.