കൊച്ചി: റഷ്യ, ഉക്രയ്‌ന്‍ യുദ്ധം ഒരാഴ്‌ച പിന്നിട്ടതോടെ അന്താരാഷ്‌ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വീണ്ടും ഉയര്‍ന്നു. ഇന്ത്യയിലടക്കം ലോകത്ത് വിതരണം ചെയ്യപ്പെടുന്ന അസംസ്‌കൃത എണ്ണയുടെ പകുതിയിലധികം വരുന്ന ബ്രെന്റ് ക്രൂഡിന്റെ വില വ്യാഴാഴ്‌ച വീപ്പയ്‌ക്ക് 119 ഡോളര്‍ (ഏകദേശം 9041 രൂപ) കടന്നു. 10 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. 2012 മെയ് ഒന്നിനാണ് ഇതിനുമുമ്പ് എണ്ണവില 119 ഡോളര്‍ കടന്നത്.
ഒരാഴ്‌ചയ്‌ക്കുള്ളില്‍ 22 ഡോളറിലധികം (ഏകദേശം 1671 രൂപ) വില വര്‍ധിച്ചത്. യുദ്ധം ആരംഭിച്ച ഫെബ്രുവരി 24ന് വില 105 ഡോളര്‍ കടന്നിരുന്നു. ലോക രാജ്യങ്ങളാകെ എണ്ണവിലക്കയറ്റത്തില്‍ സ്‌തംഭിച്ചുനില്‍ക്കുകയാണ്. റഷ്യയില്‍ നിന്നുള്ള ക്രൂഡ് വിതരണം തടസ്സപ്പെടുന്നതും റഷ്യയ്ക്കുമേലുള്ള ഉപരോധവുമാണ് ക്രൂഡ് വിലയുടെ കുതിപ്പിന് കാരണം. ലോകത്തെ മൊത്തം എണ്ണവിതരണത്തിന്റെ 10 ശതമാനവും യൂറോപ്പിന് ആവശ്യമായ എണ്ണയുടെ മൂന്നിലൊന്നും നല്‍കുന്നത് റഷ്യയാണ്. യൂറോപ്പ് ഇന്ധന ആവശ്യങ്ങള്‍ക്കായി മറ്റ് എണ്ണ ഉല്‍പ്പാദക രാജ്യങ്ങളിലേക്ക് തിരിയുന്നത് ഇന്ധന പ്രതിസന്ധിക്ക് ഇടയാക്കും.
ഇന്ത്യ എണ്ണ വാങ്ങുന്ന ഇറാന്‍, ഇറാഖ്, കുവൈറ്റ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചില്ലെങ്കില്‍ കടുത്ത ഇന്ധനക്ഷാമം നേരിടും. ആവശ്യമുള്ള എണ്ണയുടെ 80 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഒരു വീപ്പ എണ്ണയ്ക്ക് 10 ഡോളര്‍ വര്‍ധിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച 0.2, 0.3 ശതമാനംവരെ കുറയുകയും ഭക്ഷ്യോല്‍പ്പന്നങ്ങളടക്കമുള്ളവയുടെ മൊത്തവില സൂചികയുടെ അടിസ്ഥാനത്തിലുള്ള പണപ്പെരുപ്പം 1.7 ശതമാനം വര്‍ധിക്കുകയും ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്.