തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഏഴുവരെ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനിന്ന ന്യൂനമര്‍ദം നിലവില്‍ തീവ്രന്യൂനമര്‍ദമായി തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കക്ക് 470 കിലോമീറ്റര്‍ അകലെയും നാഗപട്ടണത്തിന് 760 കിലോമീറ്റര്‍ അകലെയും ചെന്നൈക്ക് 950 കിലോമീറ്റര്‍ അകലെയുമായാണ് സ്ഥിതി ചെയ്യുന്നത്.
അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദമായി വീണ്ടും ശക്തി പ്രാപിച്ച് വടക്ക്-പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശ്രീലങ്കയുടെ കിഴക്കന്‍ തീരം വഴി തമിഴ്നാടിന്റെ വടക്കന്‍ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ മേൽപറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് തിരുവനന്തപുരം ജില്ല കലക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. അതേസമയം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും അറിയിപ്പില്‍ പറയുന്നു.