കീവ്: യുദ്ധം ഒന്‍പതാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. യുക്രെയ്നിലെ സപറോഷിയ ആണവനിലയത്തിനു നേരെ ആക്രമണം ഉണ്ടായി. ആണവനിലയത്തിനുസമീപം തീപടര്‍ന്നതായി യുക്രെയ്ന്‍ അധികൃതർ അറിയിച്ചു.
അതിനിടെ ചെര്‍ണീവിൽ ഉണ്ടായ വ്യോമാക്രമണത്തില്‍ 33 പേർ കൊല്ലപ്പെട്ടു, 18 പേർക്ക് പരുക്കേറ്റു. രണ്ടു സ്കൂളുകളും സ്വകാര്യകെട്ടിടവും തകര്‍ന്നു. വടക്കൻ മോഖലയിൽ നിന്ന് റഷ്യൻ സേന കടന്നുകയറാൻ ശ്രമിക്കുന്ന ചെർണീവ് യുക്രെയ്ൻ തലസ്ഥാനമായ കീവിൽനിന്ന് 120 കിലോമീറ്റർ അകലെയാണ്.
അതിനിടെ കീവിനെ ലക്ഷ്യംവച്ചുള്ള ക്രൂസ് മിസൈല്‍ തകര്‍ത്തെന്ന് യുക്രെയ്ന്‍ സൈന്യം അറിയിച്ചു. റഷ്യൻ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ മേജർ ജനറൽ ആന്ദ്രേ സുഖോവെത്‌സ്കി യുക്രെയ്നിൽ കൊല്ലപ്പെട്ടതായി റഷ്യൻ സൈന്യം സ്ഥിരീകരിച്ചു. എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നു വ്യക്തമാക്കിയിട്ടില്ല.