കോട്ടയം: മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ എം ജി സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെട്ടെന്ന ആക്ഷേപവുമായി മുൻ രജിസ്ട്രാർ. ലഹരി ബോധവൽക്കരണത്തിന് സർവകലാശാല നിർമ്മിച്ച സിനിമയ്ക്ക് ജലീൽ നേരിടപ്പെട്ട് പ്രദർശനാനുമതി നിഷേധിച്ചെന്ന് എം.ആർ.ഉണ്ണി ആരോപിക്കുന്നു. സർവകലാശാലയിൽ ജലീലിന്‍റെ നേതൃത്വത്തിൽ അദാലത്ത് നടത്തി മാർക്ക് നൽകാൻ ശുപാർശ ചെയ്തത് വലിയ വിവാദമായിരുന്നു.
ചട്ടവിരുദ്ധമായ മാർക്ക്ദാനത്തിൽ മാത്രമായിരുന്നില്ല കെ.ടി.ജലീലിന്‍റെ നേരിട്ടുള്ള ഇടപെടലെന്നാണ് എംജി മുൻ രജിസ്ട്രാർ പറയുന്നത്. ദൈനദിന കാര്യങ്ങളിൽ നിരന്തരം മന്ത്രിയോ ദൂതന്മാരോ ഇടപെട്ടു. എതിർത്തപ്പോൾ വ്യക്തിവിരോധമായെന്നും എം.ആർ.ഉണ്ണി പറയുന്നു. ആ വിരോധം ഉണ്ണി കൂടി സംവിധാനം ചെയ്ത സർവകലാശാലയുടെ സിനിമയോട് തീർത്തു. ലഹരി ബോധവൽക്കരണത്തിന് 60 ലക്ഷം മുടക്കി നിർമ്മിച്ച ട്രിപ്പ് എന്ന സിനിമയാണ് ജലീലിന്‍റെ ഇടപടലിൽ പെട്ടിയിലായത്. മുൻഗാമി സി.രവീന്ദ്രനാഥിന്‍റെ സ്വപ്നപദ്ധതിക്ക് മേലായിരുന്നു ജലീലിന്‍റെ വിലക്ക്.
രവീന്ദ്രനാഥിന്‍റെ കാലത്ത് ജൈവം പദ്ധതി പ്രകാരം നിർമ്മിച്ച സമക്ഷം എന്ന സിനിമ എല്ലാ കോളേജുകളിൽ പ്രദർശിപ്പിച്ചിരുന്നു. തുടർന്ന് രവീന്ദ്രനാഥിന്‍റെ നിർദ്ദേശ പ്രകാരമാണ് ലഹരിക്കെതിരെ സിനിമ നിർമ്മിച്ചത്. സിനിമ റിലീസ് ചെയ്തെങ്കിലും ജലീൽ ഇടപെട്ട് തുടർ നടപടികൾ നിർത്തിവയ്പ്പിച്ചു. ചില സെന്‍ററുകളുടെ പ്രവർത്തനങ്ങളിലും ജലീലിന്‍റെ അനധികൃത ഇടപെടൽ ഉണ്ടായി. പ്രായപരിധിയുടെ പേരിൽ രജിസ്ട്രാർമാരെ ഒറ്റദിവസം കൊണ്ട് പിരിച്ചുവിട്ട ജലീലിന്‍റെ നടപടിക്ക് പിന്നിലും വ്യക്തിവിരോധം മാത്രമായിരുന്നുവെന്നും ഉണ്ണി ആരോപിക്കുന്നു.