ആലുവ : സ്കൂൾ ഗ്രൗണ്ടിൽ എസ്.എഫ്.ഐ അനധികൃതമായി താൽക്കാലിക ഓഫിസ് നിർമിച്ചതായി പരാതി. എടത്തല അൽ അമീൻ കോളജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചിമ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിലാണ് ഓഫിസ് ഒരുക്കിയത്. ഇതിനെതിരെ കെ.എസ്.യു ആലുവ ബ്ലോക്ക് ജനറൽ സെക്രട്ടറി ഹാഫിസ് ഹമീദ് നൊച്ചിമ സ്‌കൂൾ അധികൃതർക്ക് പരാതി നൽകി.
പ്രാദേശിക സി.പി.എം നേതാക്കളുടെ ഒത്താശയോടെയാണ് ഗവ. സ്കൂൾ ഗ്രൗണ്ട് കൈയ്യേറി താൽക്കാലിക ഓഫിസ് നിർമിക്കുകയും കൊടി തോരണങ്ങൾ സ്ഥാപിക്കുകയും ചെയ്തതെന്ന് പരാതിയിൽ ആരോപിച്ചു.
സ്കൂളിൽ നിന്നും 400 മീറ്ററോളം മാറി അൽ അമീൻ കോളജിനോട് ചേർന്നാണ് സ്കൂൾ ഗ്രൗണ്ട്. ഈ സൗകര്യം മുതലെടുത്താണ് കൈയ്യേറ്റം. അനധികൃതമായി സ്കൂൾ ഗ്രൗണ്ടിൽ നിർമ്മിച്ച ഓഫിസ് പൊളിച്ച് നീക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.അതേസമയം, കൈയ്യേറ്റം അറിഞ്ഞിരുന്നില്ലെന്നും പരാതി ലഭിച്ച ഉടൻ ഷെഡ് പൊളിച്ച് നീക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സ്കൂൾ പ്രധാനാധ്യാപിക സുമ പറഞ്ഞു.