പത്തനംതിട്ട: ജില്ലയില്‍ എലിപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അനിതകുമാരി അറിയിച്ചു.
ഈ വര്‍ഷം ഇതുവരെ 26 പേര്‍ക്ക് എലിപ്പനിബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആറുപേര്‍ക്ക് സംശയാസ്പദ രോഗബാധയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന ജോലി ചെയ്യുന്നവര്‍, മാലിന്യ സംസ്‌കരണത്തില്‍ ഏര്‍പ്പെടുന്നവര്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജോലി ചെയ്യുന്നവര്‍, ക്ഷീരകര്‍ഷകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, മീന്‍പിടിത്തക്കാര്‍ എന്നിവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍. ഇങ്ങനെയുള്ളവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധമരുന്ന് ഡോക്സി സൈക്ലിന്‍ കഴിക്കണം. എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണം. ഒരു കാരണവശാലും പനി വന്നാല്‍ സ്വയം ചികിത്സ പാടില്ല.
ജില്ലയില്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ അധികവും കെട്ടിക്കിടക്കുന്ന വെള്ളത്തിലും പാടശേഖരങ്ങളിലും തോടുകളിലും മീന്‍ പിടിക്കുന്നവരിലുമാണ്. ശരീരത്തില്‍ മുറിവുകള്‍ ഉള്ളപ്പോള്‍ മലിനജലത്തില്‍ ഇറങ്ങരുത്. കെട്ടിക്കിടക്കുന്ന വെള്ളത്തിലും മലിനജലത്തിലും ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെടുന്നവര്‍ ഗംബൂട്ടുകളും റബര്‍ കൈയുറകളും ധരിക്കണം. രോഗപ്രതിരോധത്തിന് ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഡോക്സി സൈക്ലിന്‍ കഴിക്കണം. ഡോക്സി സൈക്ലിന്‍ ഗുളികകള്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സൗജന്യമായി ലഭ്യമാണെന്നും ഡി.എം.ഒ അറിയിച്ചു.