കൊല്ലം : ചടയമംഗലത്ത് ഒറ്റയ്ക്ക് താമസിയ്ക്കുന്ന വയോധികയെ ആക്രമിച്ച് മൂന്നു പവൻ സ്വർണം കവർന്ന കേസിൽ രണ്ടു പേർ അറസ്റ്റിൽ. മീൻ വിൽപ്പനയുടെ മറവിലാണ് ഇരുവരും മോഷണം ആസൂത്രണം ചെയ്തത്. ചടയമംഗലം പോരേടം സ്വദേശികളായ ഷാൻ, മുഹമ്മദ് റാസി എന്നിവരാണ് പിടിയിലായത്. പോരേടം ഒല്ലൂർ കോണം സ്വദേശിനിയായ 80വയസ്സുള്ള അമീറത്തുബീവിയുടെ മൂന്നു പവൻ വരുന്ന മാലയാണ് ഇരുവരും കവർന്നത്. ഓട്ടോ റിക്ഷയിൽ മീൻ വിൽപ്പന നടത്തുന്നവരാണ് ഷാനും റാസിയും. അമീറത്തു ബീവിയും മീൻ വാങ്ങിയിരുന്നത് ഇവരിൽ നിന്നായിരുന്നു. ഇങ്ങനെയാണ് അമീറത്തു ബീവി ഒറ്റയ്ക്കാണ് താമസമെന്ന് ഇരുവരും മനസിലാക്കിയത്. തുടർന്ന് മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെ അമീറത്ത് ബീവിയുടെ വീടിന് സമീപത്ത് ബൈക്കിൽ എത്തിയ പ്രതികൾ വീട്ടിലെ ഫ്യൂസ്സ് ഊരി വൈദ്യുതി ബന്ധം തടസപ്പെടുത്തിയ ശേഷം വയോധികയെ കഴുത്തിൽ കുത്തിപ്പിടിച്ചു വായും മൂക്കും പൊത്തി തറയിൽ തള്ളിയിട്ട് സ്വർണ്ണ മാലപൊട്ടിച്ചെടുത്തു ബൈക്കിൽ രക്ഷപെടുകയായിരുന്നു.
വയോധികയുടെ നിലവിളി കേട്ട് സമീപവാസികൾ ഓടിയെത്തിയപ്പോൾ രണ്ടുപേർ ഓടി രക്ഷപ്പെടുന്നത് കണ്ടു. തുടർന്ന് പോലീസിൽ പരാതി നൽകി. പോലീസെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെ തിരിച്ചറിഞ്ഞതും തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തതും. പ്രതികളെ റിമാൻഡ് ചെയ്തു. ആക്രമണത്തിൽ പരുക്കേറ്റ വയോധിക ആശുപത്രിയിൽ ചികിൽസയിലാണ്.